ഓസ്‌ട്രേലിയയെ എറിഞ്ഞൊതുക്കി രണ്ടാം ടി20യിലും ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ | India vs Australia

ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലും ഉജ്വല വിജയം സ്വന്തമാക്കി ഇന്ത്യ. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ 44 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യക്കായി മുൻനിര ബാറ്റർമാർ എല്ലാവരും തിളങ്ങുകയുണ്ടായി. ജയിസ്വാൾ, ഋതുരാജ്, കിഷൻ എന്നിവർ മത്സരത്തിൽ അർത്ഥ സെഞ്ച്വറികൾ നേടിയിരുന്നു.

ശേഷം ബോളിങ്ങിൽ സ്പിന്നർ രവി ബിഷണോയും പ്രസീദ് കൃഷ്ണയും മികവ് പുലർത്തിയപ്പോൾ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ പരമ്പരയിൽ 2-0ന് മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. ആദ്യ ഓവറുകളിൽ ജയിസ്വാളാണ് ഇന്ത്യയ്ക്കായി തീയായി മാറിയത്. 25 പന്തുകളിൽ 9 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 53 റൺസാണ് ജയിസ്വാൾ നേടിയത്.

ജയസ്വാളിന് പിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷനും വെടിക്കെട്ട് തീർത്തപ്പോൾ ഇന്ത്യയുടെ സ്കോർ കുതിച്ചു. 32 പന്തുകളിൽ 52 റൺസായിരുന്നു കിഷന്റെ സമ്പാദ്യം. ഒപ്പം ഓപ്പണർ ഋതുരാജ് 43 പന്തുകളിൽ 58 റൺസുമായി പക്വതയാർന്ന പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ റിങ്കു സിംഗ് 9 പന്തുകളിൽ 31 റൺസുമായി സംഹാരമാടിയപ്പോൾ ഇന്ത്യയുടെ സ്കോർ 235 റൺസിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയും അടിച്ചുതകർക്കാനാണ് ശ്രമിച്ചത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. വമ്പനടികൾക്ക് ശ്രമിച്ചപ്പോഴാണ് ഓസ്ട്രേലിയയുടെ മുൻനിർ ബാറ്റർമാർ കൂടാരം കയറിയത്. ഒരു സമയത്ത് ഓസ്ട്രേലിയ 58ന് 4 എന്ന നിലയിൽ തകർന്നിരുന്നു. പിന്നീട് സ്റ്റോയിനിസും ഡേവിഡും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് ഓസ്ട്രേലിയക്കായി കെട്ടിപ്പടുത്തു. ഇരുവരും ചേർന്ന് ഓസ്ട്രേലിയയെ വിജയത്തിലെത്തിക്കുമെന്ന് ഒരു നിമിഷം തോന്നി.

സ്റ്റോയിനിസ് 45 റൺസും ഡേവിഡ് 37 റൺസുമാണ് മത്സരത്തിൽ നേടിയത്. എന്നാൽ ഇതിന് ശേഷം ഇന്ത്യൻ ബോളർമാർ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇന്ത്യക്കായി രവി ബിഷണോയും പ്രസീദ് കൃഷ്ണയും മികവാർന്ന ബോളിംഗ് പുറത്തെടുത്തു. ഈ വിജയത്തോടെ പരമ്പരയിൽ കൃത്യമായി ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

Rate this post