ജയ്‌സ്വാളിന് അർദ്ധ സെഞ്ച്വറി , വീണ്ടും നിരാശപ്പെടുത്തി ശുഭ്മാൻ ഗിൽ : രോഹിത്തിനെ പുറത്താക്കി ബഷീറിന് ആദ്യ ടെസ്റ്റ് വിക്കറ്റ് |IND vs ENG

വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ബാറ്റ് ചെയ്യുകയാണ് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ലഞ്ചിന്‌ പിരിയുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 103 എന്ന നിലയിലാണുള്ളത്. 14 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശര്മയെയും 34 റൺസ് നേടിയ ഗില്ലിനെയും ആണ് ഇന്ത്യക്ക് നഷ്ടമായത്. 51 റൺസുമായി ജൈസ്വാളും 4 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ. അരങ്ങേറ്റക്കാരൻ ഷോയിബ് ബഷീറും ആന്ഡേഴ്സണുമാണ് വിക്കറ്റ് നേടിയത്.

മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിതും ജൈസ്വാളും മികച്ച രീതിയിൽ ഇംഗ്ലീഷ് ബൗളർമാരെ നേരിട്ടു. എന്നാൽ സ്കോർ 40 ൽ നിൽക്കെ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായി. 14 റൺസ് നേടിയ നായകനെ അരങ്ങേറ്റക്കാരൻ ഷോയിബ് ബഷിറിന്റെ പന്തിൽ പോപ്പ് പിടിച്ചു പുറത്താക്കി. മൂന്നാമനായി ക്രീസിലെത്തിയ ഗിൽ ആത്മവിശ്വാസത്തോടെ ബാറ്റിംഗ് തുടങ്ങി.

വലിയൊരു ഇന്നിഗ്‌സിലേക്ക് കുതിക്കുമെന്ന് തോന്നിയെങ്കിലും സ്കോർ 89 ൽ നിൽക്കെ 46 പന്തിൽ നിന്നും അഞ്ചു ബൗണ്ടറികൾ സഹിതം 34 റൺസ് നേടിയ ഗില്ലിനെ ആൻഡേഴ്സൺ പുറത്താക്കി. ടെസ്റ്റിൽ ഗില്ലിന്റെ മോശം ഫോം തുടരുകയാണ്.കളിച്ച 22 ടെസ്റ്റുകളിൽ കരിയറിലെ ശരാശരി 30ൽ താഴെയാണ്. ഒരു അർദ്ധ സെഞ്ച്വറി പോലും നേടാൻ ഗില്ലിനു സാധിച്ചിട്ടില്ല.കൂടാതെ ആൻഡേഴ്സണെതിരെ മോശം റെക്കോർഡും ഗില്ലിനുണ്ട്. ഏഴ് ഇന്നിംഗ്‌സുകളിലായി 72 പന്തുകളാണ് ഇംഗ്ലീഷ് താരം ഗില്ലിന് എതിരെ എറിഞ്ഞത്. 39 റൺസ് മാത്രമാണ് ഇന്ത്യൻ താരത്തിന് നേടാനായത് , അഞ്ചു തവണ പുറത്താവുകയും ചെയ്തു.

ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് പകരം രജത് പടിദാര്‍, കുല്‍ദ്വീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. സര്‍ഫ്രാസ് ഖാന്‍ ടീമില്‍ എത്തിയേക്കുമെന്ന് കരുതിയെങ്കിലും ഫൈനല്‍ ഇലവനിലേക്ക്‌ പരിഗണിച്ചില്ല.ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ കളിക്കുന്നുണ്ട് ,പരിക്കിലുള്ള സ്പിന്നര്‍ ജാക്ക് ലീച്ചിന് പകരം യുവ സ്പിന്നര്‍ ഷോയിബ് ബഷീര്‍ ടീമിലെത്തി.

4/5 - (2 votes)