മിന്നുന്ന സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാൾ, ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടം | Yashasvi Jaiswal

വിശാഖപട്ടണത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ സെഞ്ച്വറി നേടി യശസ്വി ജയ്‌സ്വാൾ. കരിയറിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഓപ്പണർ ഇന്ന് ഇഗ്ലണ്ടിനെതിരെ നേടിയത്.ഇംഗ്ലീഷ് സ്പിന്നർമാർക്കെതിരെ ശക്തമായ ബാറ്റിംഗ് കാഴ്ച്ചവെക്കുകയും വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സൻ്റെ കടുത്ത വെല്ലുവിളിയെ പ്രതിരോധിക്കുകയും ചെയ്താണ് ജയ്‌സ്വാൾ സെഞ്ച്വറി പൂർത്തിയാക്കിയത് .

151 പന്തിൽ നിന്നും 11 ഫോറും മൂന്നു സിക്സുമടക്കമാണ് ജയ്‌സ്വാൾ സെഞ്ച്വറി തികച്ചത്.ടോം ഹാർട്ട്‌ലിയെ ഒരു സ്റ്റെപ്പ്-ഔട്ടിലൂടെ സിക്സറിന് പറത്തിയാണ് ഇടംകൈയ്യൻ ബാറ്റർ മൂന്നക്കത്തിലെത്തിയത് .2023ൽ വെസ്റ്റ് ഇൻഡീസിനെതിരായ തൻ്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിലായിരുന്നു ജയ്‌സ്വാളിൻ്റെ ആദ്യ സെഞ്ച്വറി.വെസ്റ്റ് ഇൻഡീസിനെതിരെ 171 റൺസ് നേടിയിരുന്നു.

മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിതും ജൈസ്വാളും മികച്ച രീതിയിൽ ഇംഗ്ലീഷ് ബൗളർമാരെ നേരിട്ടു. എന്നാൽ സ്കോർ 40 ൽ നിൽക്കെ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായി. 14 റൺസ് നേടിയ നായകനെ അരങ്ങേറ്റക്കാരൻ ഷോയിബ് ബഷിറിന്റെ പന്തിൽ പോപ്പ് പിടിച്ചു പുറത്താക്കി. മൂന്നാമനായി ക്രീസിലെത്തിയ ഗിൽ ആത്മവിശ്വാസത്തോടെ ബാറ്റിംഗ് തുടങ്ങി.

വലിയൊരു ഇന്നിഗ്‌സിലേക്ക് കുതിക്കുമെന്ന് തോന്നിയെങ്കിലും സ്കോർ 89 ൽ നിൽക്കെ 46 പന്തിൽ നിന്നും അഞ്ചു ബൗണ്ടറികൾ സഹിതം 34 റൺസ് നേടിയ ഗില്ലിനെ ആൻഡേഴ്സൺ പുറത്താക്കി. ടെസ്റ്റിൽ ഗില്ലിന്റെ മോശം ഫോം തുടരുകയാണ്. കളിച്ച 22 ടെസ്റ്റുകളിൽ കരിയറിലെ ശരാശരി 30ൽ താഴെയാണ്. ഒരു അർദ്ധ സെഞ്ച്വറി പോലും നേടാൻ ഗില്ലിനു സാധിച്ചിട്ടില്ല. സ്കോർ 179 ൽ നിൽക്കെ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി, 27 റൺസ് നേടിയ അയ്യരെ ഹാർട്ട്ലി പുറത്താക്കി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടിയിട്ടുണ്ട്.

Rate this post