ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം സ്വന്തമാക്കി ഇന്ത്യ |Asian Games

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യൻ ടീം. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിച്ച സാഹചര്യത്തിലായിരുന്നു ഇന്ത്യൻ ടീമിന് സ്വർണം ലഭിച്ചത്. മത്സരത്തിൽ വളരെ മികച്ച നിലയിൽ തന്നെയായിരുന്നു ഇന്ത്യൻ ടീം. എന്നാൽ അതിഥിയായി മഴയെത്തിയതോടെ മത്സരം മുടങ്ങി.

പിന്നീട് മത്സരം പുനരാരംഭിക്കുവാൻ ശ്രമിച്ചെങ്കിലും വീണ്ടും മഴ എത്തിയതോടെ ഉപേക്ഷിക്കുകയായിരുന്നു. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ 27ആമത്തെ സ്വർണമാണ് മത്സരത്തിൽ സ്വന്തമാക്കിയത്.മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് അർഷദ്വീപ് സിംഗും ശിവം ദുബെയും നൽകിയത്. അഫ്ഗാനിസ്ഥാൻ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ഇന്ത്യയ്ക്ക് സാധിച്ചു.

എന്നാൽ പിന്നീട് നാലാമനായി എത്തിയ ഷാഹിദുള്ള അഫ്ഗാനിസ്ഥാൻ ബാറ്റിംഗിന് നേതൃത്വം നൽകുകയായിരുന്നു. മത്സരത്തിൽ 43 പന്തുകളിൽ 49 റൺസാണ് ഷാഹിദുള്ള നേടിയത്. മൂന്നു ബൗണ്ടറികളും രണ്ട് സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു.ശേഷം നായകൻ ഗുൽബധീൻ അഫ്ഗാനിസ്ഥാനായി ക്രീസിൽ ഉറച്ചിരുന്നു. 24 പന്തുകളിൽ 27 റൺസ് ആണ് ഗുൽബധീൻ നേടിയത്.

18.2 ഓവറിൽ അഫ്ഗാനിസ്ഥാൻ 112 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്. ശേഷം മത്സരം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ഇന്ത്യക്കായി ബോളിങിൽ അർഷദീപ് സിംഗ് ശിവം ദുബെ, രവി ബിഷണോയി എന്നിവരാണ് മികവുപുലർത്തിയത്. മറ്റു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. എന്തായാലും ഗെയിംസിൽ സ്വർണമെഡൽ നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസിനുള്ള ക്രിക്കറ്റ് നിയമപ്രകാരം നോക്കൗട്ട് മത്സരങ്ങളില്‍ മത്സരം സാധ്യമാവാതെ വന്നാല്‍ ടി20യില്‍ ഉയര്‍ന്ന റാങ്കിംഗ് ഉള്ള ടീമിനെ വിജയികളായി പ്രഖ്യാപിക്കും. ഫൈനലില്‍ മഴമൂലം മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതോടെ റാങ്കിംഗില്‍ അഫ്ഗാനെക്കാള്‍ മുന്നിലുള്ള ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും അഫ്ഗാന്‍ പത്താം സ്ഥാനത്തുമാണ്.