അർഹതപ്പെട്ട പലതാരങ്ങളും ടീമിന് പുറത്തു നിൽക്കുമ്പോൾ പരിക്കുള്ളതാരങ്ങൾ എങ്ങനെ ഇന്ത്യൻ ടീമിൽ കയറിക്കൂടി ?

അവ്യക്തതകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ്. 17 അംഗങ്ങളടങ്ങുന്ന ഇന്ത്യൻ സ്ക്വാഡിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ തീരുമാനത്തിന് ശേഷം ഒരുപാട് വിമർശനങ്ങളും ട്രോളുകളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വ്യക്തതയില്ലാത്ത സെലക്ഷനുകളുടെ ഒരു കൂമ്പാരം തന്നെയാണ് ഇന്ത്യയുടെ ഏഷ്യാകപ്പിനുള്ള ടീം. ഇതുവരെ ഏകദിനങ്ങളിൽ യാതൊരു ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കാത്ത സൂര്യകുമാർ യാദവ് ഇന്ത്യയുടെ ഏഷ്യാകപ്പ് ടീമിൽ അംഗമാണ്. അതോടൊപ്പം ഒരു ഏകദിന മത്സരം പോലും അന്താരാഷ്ട്രതലത്തിൽ കളിക്കാത്ത തിലക് വർമയെയും ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

മറുവശത്ത് ഏകദിന ക്രിക്കറ്റിൽ ഏറ്റവും മികച്ച ശരാശരിയുള്ള സഞ്ജു സാംസനെ ഇന്ത്യ വെറും ബാക്കപ്പ് കളിക്കാരനായിയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഷ്യൻ സാഹചര്യത്തിൽ ഏറ്റവും മികച്ച രീതിയിൽ പന്തെറിയുന്ന ചാഹലും ടീമിന് പുറത്താണ്. എന്നാൽ ഇതിലൊക്കെയും ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത് ചീഫ് സെലക്ടർ അജിത്ത് അഗാർക്കർ നൽകിയ ഒരു ഇഞ്ചുറി അപ്ഡേറ്റ് ആണ്. വളരെക്കാലമായി പരിക്കിന്റെ പിടിയിലായിരുന്ന കെ എൽ രാഹുൽ ഏഷ്യാകപ്പ് സ്ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ രാഹുലിന് മറ്റൊരു പരിക്ക് പറ്റിയിരിക്കുന്നു എന്നാണ് അജിത് അഗാർക്കർ അറിയിച്ചിരിക്കുന്നത്.

ഇങ്ങനെ പരിക്ക് പറ്റിയ സാഹചര്യത്തിൽ വീണ്ടും എന്തിനാണ് രാഹുലിനെ ധൃതി കാണിച്ച് സ്ക്വാഡിൽ ഉൾപ്പെടുത്തിയത് എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. പരിക്കു മൂലം ടൂർണമെന്റിന്റെ തുടക്കത്തിലെ പല മത്സരങ്ങളും രാഹുലിന് നഷ്ടമായേക്കും എന്നാണ് റിപ്പോർട്ട്. അജിത്ത് അഗാർക്കർ ഇക്കാര്യവും വ്യക്തമാക്കി കഴിഞ്ഞു. പരിക്കുള്ള രാഹുലിനെ ടീമിലെടുക്കുകയും, മികച്ച ഫോമിലുള്ള സഞ്ജു അടക്കമുള്ളവരെ പുറത്തിരുത്തുകയും ചെയ്യുന്നതിന്റെ യുക്തിയാണ് ആരാധകർ ചോദിക്കുന്നത്. ഒരുപ ക്ഷേ കെഎൽ രാഹുലിന് പരിക്ക് ഭേദമായില്ലെങ്കിൽ സഞ്ജു സാംസൺ തന്നെയാവും ടീമിലെത്തുക. രാഹുലിന് ബായ്ക്കപ്പ് കളിക്കാരനായാണ് സഞ്ജുവിനെ ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തിലും ഇന്ത്യ ഇത്തരമൊരു സെലക്ഷന് നിന്നതിന്റെ സാഹചര്യം ആർക്കും വ്യക്തമാകുന്നില്ല. അർഹതപ്പെട്ട പലതാരങ്ങളും ടീമിന് പുറത്തു നിൽക്കുമ്പോൾ ഇത്തരം പരിക്കും മറ്റുമുള്ള താരങ്ങളെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് വരും ദിവസങ്ങളിലും ചർച്ചയായിരിക്കും. എന്നിരുന്നാലും സഞ്ജു സാംസൺ അടക്കമുള്ള യുവതാരങ്ങൾക്ക് മികച്ച അവസരം തന്നെയാണ് ഏഷ്യാകപ്പിലൂടെ വന്നുചേരുന്നത്. രാഹുൽ പൂർണ്ണമായി ഫിറ്റ്നസ്സിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ സഞ്ജുവിന് ടീമിൽ അവസരം ലഭിക്കും എന്നത് ഉറപ്പാണ്. അങ്ങനെയെങ്കിൽ അത് പരമാവധി മുതലെടുക്കുകയാണ് സഞ്ജു സാംസൺ ചെയ്യേണ്ടത്.

Rate this post