മൂന്നാം ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് , സീസണിലെ ആദ്യത്തെ എവേ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടും |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നടത്തിയിട്ടുള്ളത്. ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിലെ കീഴടക്കി കഴിഞ്ഞ സീസണിലെ പുറത്താകലിനു പകരം വീട്ടിയ അവർ അതിനു ശേഷമുള്ള മത്സരത്തിൽ ജംഷഡ്‌പൂരിനെയും കീഴടക്കി. ഇപ്പോൾ ലീഗിൽ മോഹൻ ബഗാന് പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യത്തെ എവേ മത്സരത്തിൽ മുംബൈ സിറ്റിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്.

മുംബൈ ഫുട്ബോൾ അരീനയിൽ നടക്കുന്ന പത്താം പതിപ്പിലെ ആദ്യ ഹോം മത്സരം ബ്ലാസ്റ്റേഴ്സിന് കഠിനമാവും എന്നുറപ്പാണ്.മറ്റെല്ലാ ഐ‌എസ്‌എൽ കാമ്പെയ്‌നുകളിൽ നിന്നും വ്യത്യസ്തമായി, ആദ്യ രണ്ട് മത്സരദിനങ്ങളിൽ ആറ് പോയിന്റുകൾ നേടിയതിനാൽ ബ്ലാസ്റ്റേഴ്‌സിന് ഈ സീസണിൽ മികച്ച തുടക്കം ലഭിച്ചു. പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ അസാനിധ്യത്തിലും ബ്ലാസ്റ്റേഴ്‌സ് ആദ്യ രണ്ടു മത്സരങ്ങളിലും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.രണ്ട് കളികളിൽ നിന്ന് നാല് പോയിന്റുള്ള മുംബൈ പോയിന്റ് ടേബിളിൽ നിലവിൽ നാലാം സ്ഥാനത്താണ്. ഒരു സമനിലയും വിജയവും നേടിയ മുംബൈ സീസണിലെ ആദ്യ ഹോം ഗെയിമിലെ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

കഴിഞ്ഞ മത്സരത്തിൽ ഒഡീഷയുമായി 2-2 എന്ന നിലയിൽ മുംബൈ സമനില പാലിച്ചിരുന്നു.88-ാം മിനിറ്റിൽ ജോർജ്ജ് പെരേര ഡയസിന്റെ ഗോളിലായിരുന്നു മുംബൈ സമനില പിടിച്ചത്.അതിനിടയിൽ ഉസ്‌ബെക്ക് ക്ലബായ നവബഹോർ നമാംഗനുമായുള്ള എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 0-3 ന് തോൽവി വഴങ്ങുകയും ചെയ്തു.ജംഷഡ്പൂരിനെ 74-ാം മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ ഗോളിൽ കീഴടക്കിയാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല ബോസ് ഫ്രാങ്ക് ഡോവൻ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ 4-4-2 ഫോർമേഷൻ ആണ് സ്വീകരിച്ചത്.ഈ മത്സരത്തിലും അത് നിലനിർത്താൻ സാധ്യതയുണ്ട്.ജംഷഡ്പൂർ മത്സരത്തിൽ നിന്ന് ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർട്ടിംഗ് ഇലവനിലെ ഒരേയൊരു മാറ്റം ഘാന ഫോർവേഡ് ക്വാമെ പെപ്രയ്ക്ക് പകരക്കാരനായി ഡിമിട്രിയോസ് ഡയമന്റകോസ് കളിക്കും. 30-കാരനായ ഗ്രീക്ക് സ്‌ട്രൈക്കർ 62-ാം മിനിറ്റിൽ വന്നതിനു ശേഷമാണ് ലൂണ ഗോൾ നേടിയത്.

മുംബൈ സിറ്റി (4-3-3): ഫുർബ ലചെൻപ; രാഹുൽ ഭേക്കെ ©, റോസ്റ്റിൻ ഗ്രിഫിത്ത്‌സ്, ടിരി, ആകാശ് മിശ്ര; വിനിത് റായ്, അപ്പൂയ, ഗ്രെഗ് സ്റ്റുവർട്ട്; ഗുർകിരത് സിംഗ്, ജോർജ് പെരേര ഡയസ്, ലാലിയൻസുവാല ചാങ്‌തെ

കേരള ബ്ലാസ്റ്റേഴ്സ് (4-4-2): സച്ചിൻ സുരേഷ്; പ്രബീർ ദാസ്, പ്രീതം കോട്ടാൽ, മിലോസ് ഡ്രിൻസിച്ച്, ഐബാൻ ഡോഹ്ലിംഗ്; ഡെയ്‌സുകെ സകായ്, ജീക്‌സൺ സിംഗ് തൗനോജം, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് ഐമെൻ; അഡ്രിയാൻ ലൂണ ©, ഡിമിട്രിയോസ് ഡയമന്റകോസ്

Rate this post