‘ഇത് സീസണിലെ ബുദ്ധിമുട്ടുള്ള സമയമാണ്, ഒരു കുടുംബമായി ഒന്നിച്ചിരിക്കേണ്ട സമയമാണിത്’ : കേരള ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണ | Kerala Blasters
ഐഎസ്എല്ലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിട്ടത്. ഇന്നലെ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലസ്റ്റേഴ്സിനെ പരാജയപെടുത്തിയത്.മത്സരത്തില്‍ ആദ്യ ഗോൾ സ്വന്തമാക്കിയത് ബ്ലാസ്റ്റേഴ്സ് ആണ്.
ആദ്യ പകുതിയുടെ 13-ാം മിനിറ്റില്‍ ജീസസ് ഹിമിനസിലൂടെ മുന്നിലെത്തി.പക്ഷേ 43-ാം മിനിറ്റില്‍ ആൻഡ്രെ ആല്‍ബയിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു. 70-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ആല്‍ബ തന്നെയാണ് ലക്ഷ്യത്തിലെത്തിച്ചത്. മത്സരത്തിലുടനീളം ബോൾ പൊസിഷനിലും പാസിംഗിലും അടക്കം മുന്നിട്ട് നിന്നെങ്കിലും സ്കോര്‍ ചെയ്യാൻ മാത്രം ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. സീസണില്‍ എട്ട് മത്സരങ്ങൾ പൂര്‍ത്തിയായപ്പോൾ രണ്ട് വിജയങ്ങൾ മാത്രം പേരിലുള്ള ബ്ലാസ്റ്റേഴ്സ് 10-ാം സ്ഥാനത്താണ്. വിജയിച്ചെങ്കിലും മഞ്ഞപ്പടയ്ക്ക് പിന്നില്‍ 11-ാം സ്ഥാനത്താണ് ഹൈദരാബാദ് എഫ്സി.
മത്സരം അവസാനിക്കുമ്പോൾ അറുപത്തിയെട്ട് ശതമാനത്തിന് മുകളിൽ പന്തവകാശം കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നു. മുപ്പത്തിയാറു ക്രോസുകൾ നടത്തിയെങ്കിലും ഒന്ന് പോലും ഗോളിൽ അവസാനിച്ചില്ല.ഹൈദരാബാദ് എടുത്ത ഷോട്ടുകളിൽ മൂന്നെണ്ണം ലക്ഷ്യം കണ്ടപ്പോൾ, കേരളത്തിന്റെ ലക്ഷ്യം കണ്ടെത് രണ്ടെണ്ണം മാത്രം. എവേ മൈതാനത്ത് ആദ്യം ഗോൾ വഴങ്ങിയ ശേഷം ആദ്യമായാണ് ഹൈദരാബാദ് ഒരു മത്സരത്തിൽ വിജയിക്കുന്നത്. മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇൻസ്റ്റഗ്രാമിൽ ക്ലബ്ബിന്റെ അവസ്ഥയെക്കുറിച്ചും പോസിറ്റീവ് ആയി ചിന്തിക്കേണ്ടതിനെക്കുറിച്ചും ഒരു പോസ്റ്റ് പങ്കിട്ടു.
“ഇത് സീസണിലെ ബുദ്ധിമുട്ടുള്ള സമയമാണ്, അത് നമുക്കെല്ലാവർക്കും അറിയാം. എല്ലാ ഗെയിമുകളിലും ഞങ്ങൾ എല്ലാം നൽകുന്നു, പക്ഷേ പോയിൻ്റുകൾ നേടാൻ ഇത് പര്യാപ്തമല്ല. ഒരു കുടുംബമായി ഒന്നിച്ചിരിക്കേണ്ട സമയമാണിത്.ഞങ്ങൾ മോശമായ സമയങ്ങളിലൂടെ കടന്നുപോയി, ഞങ്ങൾ മുന്നോട്ട് വന്നിരിക്കുന്നു, ഇത് അപവാദമായിരിക്കില്ല” ലൂണ പറഞ്ഞു.
“ഞങ്ങൾ എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ഞങ്ങൾ ഈ സാഹചര്യത്തെ മാറ്റാൻ പോകുന്നു. മറുവശത്ത് വളരെ വ്യക്തമായ ഒരു കാര്യമുണ്ട്,ആരുടെയും നേരെ വിരൽ ചൂണ്ടാനുള്ള സമയമല്ല ഇത്, പക്ഷേ അങ്ങനെ ചെയ്യണമെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, എന്നോട് അത് ചെയ്യുക.നിങ്ങളുടെ നിരുപാധിക പിന്തുണയ്ക്ക് നന്ദി! ഉടൻ കലൂരിൽ കാണാം” ലൂണ കൂട്ടിച്ചേർത്തു.