വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മികച്ച പ്രകടനത്തോടെ കപിൽ ദേവിന്റെ 30 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ജഡേജ

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ അഞ്ചു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത വിൻഡീസ് 23 ഓവറിൽ 114 റൺസിന് പുറത്തായി.കുൽദീപ് യാദവ് നാലും ജഡേജ മൂന്നു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഇന്നിംഗ്‌സ് ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച ഇഷാൻ കിഷന്റെ മികവിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയതോടെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ഇതിഹാസ താരം കപിൽ ദേവിന്റെ റെക്കോർഡ് മറികടന്നിരിക്കുകയാണ് രവീന്ദ്ര ജഡേജ.വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ്, കരീബിയനെതിരെ 29 ഏകദിനങ്ങളിൽ നിന്ന് 41 വിക്കറ്റുമായി മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ അനിൽ കുംബ്ലെയ്‌ക്കൊപ്പം ജഡേജ മൂന്നാം സ്ഥാനം പങ്കിടുകയായിരുന്നു.

38 മത്സരങ്ങളിൽ നിന്ന് 44 വിക്കറ്റ് വീഴ്ത്തിയ കോട്‌നി വാൽഷും 43 വെസ്റ്റ് ഇൻഡീസ് ബാറ്റ്‌സ്മാൻമാരെ പുറത്താക്കിയ കപിൽ ദേവുമാണ് പട്ടികയിൽ മുന്നിൽ.175-ാം ഏകദിനം കളിക്കുന്ന ജഡേജ 37.00 ശരാശരിയിൽ 194 വിക്കറ്റുകൾ നേടിയിട്ടുണ്ട്. കാൾ ഹൂപ്പർ (193), ലാൻസ് ക്ലൂസ്‌നർ (192) എന്നിവരെ മറികടക്കുകയും ചെയ്തു.എവേ മത്സരങ്ങളിൽ 51.92 ശരാശരിയിൽ ജഡേജ 50 വിക്കറ്റ് നേടിയിട്ടുണ്ട്.ഹോം ഏകദിനങ്ങളിൽ 91 വിക്കറ്റുകളും ന്യൂട്രൽ വേദികളിൽ 59 വിക്കറ്റുകളും നേടിയിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസിനെതിരെ 28.68 ശരാശരിയിൽ ജഡേജ 30 മത്സരങ്ങളിൽ നിന്ന് 44 വിക്കറ്റ് നേടിയിട്ടുണ്ട്.ഒന്നാം ഏകദിനത്തിൽ റൊമാരിയോ ഷെപ്പേർഡിനെ 18-ാം ഓവറിൽ പുറത്താക്കിയാണ് ജഡേജ കപിൽ ദേവിന്റെ റെക്കോർഡ് മറികടന്നത്.

5/5 - (1 vote)