‘ഫിഫയും യുവേഫയും നടപടിയെടുക്കണം’ : സൗദി ക്ലബ്ബുകളുടെ ട്രാൻസ്ഫർ പോളിസിക്കെതിരെ ജുർഗൻ ക്ലോപ്പ്
യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും സൂപ്പർ താരങ്ങളെ വലിയ വിലക്ക് സ്വന്തമാക്കി ഫുട്ബോളിൽ പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ് സൗദി പ്രൊ ലീഗ്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഡിസംബറിൽ അൽ-നാസറിലേക്ക് മാറിയതിന് ശേഷം അത് പിന്തുടർന്ന് നിരവധി താരങ്ങളാണ് സൗദി പ്രൊ ലീഗിലെത്തിയത്.
അവസാനമായി സൗദിയിലെത്തിയ വലിയ താരം ബയേൺ ഫോർവേഡ് സാദിയോ മാനെ ആയിരുന്നു. ക്രിസ്റ്റ്യാനോ കളിക്കുന്ന അൽ നാസറാണ് താരത്തെ സൈൻ ചെയ്തത്. എന്നാൽ സൗദി അറേബ്യൻ ക്ലബ്ബുകളുടെ ട്രാൻസ്ഫർ പോളിസികളിൽ പല പരിശീലകർ അടക്കം നിരവധി പേര് ആശങ്ക അറിയിച്ചിട്ടുണ്ട്.സൗദി അറേബ്യൻ ട്രാൻസ്ഫർ വിൻഡോ നേരം വൈകി അടയ്ക്കുന്നതിന് പരിഹാരങ്ങൾ കണ്ടെത്തണമെന്ന് ലിവർപൂളിന്റെ മാനേജർ ജർഗൻ ക്ലോപ്പ് ഫിഫയോടും യുവേഫയോടും ആവശ്യപ്പെട്ടു.
സൗദി പ്രോ ലീഗിലെ ക്ലബ്ബുകൾക്ക് സെപ്തംബർ 20 വരെ കളിക്കാരെ റിക്രൂട്ട് ചെയ്യാമെങ്കിലും മികച്ച അഞ്ച് യൂറോപ്യൻ ലീഗുകൾക്കുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോ സെപ്റ്റംബർ 1 ന് അവസാനിക്കും.യൂറോപ്യൻ വിൻഡോ അടച്ച് ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷവും സൗദിക്ക് കളിക്കാരെ സ്വന്തമാക്കാം.റോബർട്ടോ ഫിർമിനോ, ജോർദാൻ ഹെൻഡേഴ്സൺ, ഫാബിഞ്ഞോ എന്നിവർ ലിവർപൂൾ വിട്ട് സൗദി അറേബ്യയിലേക്ക് പോയിരുന്നു.യൂറോപ്യൻ ക്ലബ്ബുകൾക്ക് കൂടുതൽ സഹായം ആവശ്യമാണെന്ന് ക്ലോപ്പ് അവകാശപ്പെട്ടു.
🎙️ Jürgen Klopp on the Saudi Pro League:
— Transfer News Live (@DeadlineDayLive) August 1, 2023
“Saudi Arabia's influence is massive. The worst is that their transfer window closes three weeks later than with us. FIFA and UEFA must find solutions to this.” 🇸🇦
(Source: @lequipe ) pic.twitter.com/LluBBTlVFW
“സൗദി അറേബ്യയിലെ ട്രാൻസ്ഫർ വിൻഡോ മൂന്നാഴ്ച കൂടി തുറന്നിരിക്കുന്നു എന്നതാണ് ഏറ്റവും മോശം കാര്യം.യുവേഫയോ ഫിഫയോ അതിനുള്ള പരിഹാരം കണ്ടെത്തണം. എന്നാൽ അവസാനം, ഈ നിമിഷത്തിൽ, എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി എനിക്കറിയില്ല.”ചൊവ്വാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ സൗദിയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യത്തിന് ക്ലോപ്പ് മറുപടി നൽകി. മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മഹ്‌റസിനെ അൽ അഹ്‌ലി സ്വന്തമാക്കിയതിന് പിന്നാലെ സൗദി അറേബ്യ ട്രാൻസ്ഫർ മാർക്കറ്റിനെ മാറ്റിമറിച്ചു മാനേജർ പെപ് ഗാർഡിയോള അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.