സച്ചിൻ സുരേഷിന്റെ ഇരട്ട പെനാൽറ്റി സേവ് , ആദ്യ എവേ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ എവേ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് .കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ബ്ലാസ്റ്റേഴ്സിനായി ജാപ്പനീസ് താരം ഡെയ്സുകെയും ദിമിയുമാണ് ഗോൾ നേടിയത്. തുടർച്ചയായ രണ്ടാം മസ്ലരത്തിലും പെനാൽറ്റി തടുത്തിട്ട ഗോൾകീപ്പർ സച്ചിൻ സുരേഷ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ഇന്നത്തെ മത്സരത്തിൽ ഡിമിട്രിയോസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ 11-ൽ തിരിച്ചെത്തി. ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടാം മിനുട്ടിൽ സന്ദീപ് വലതു വിങ്ങിൽ നിന്നും കൊടുത്ത മനോഹരമായ ക്രോസ് പെപ്രയ്ക്ക് ഹെഡ്ഡ് ചെയ്യാൻ സാധിച്ചില്ല. 32 മിനുട്ടിൽ മികച്ചൊരു നീക്കത്തിനൊടുക്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ലീഡ് നേടി. ദിമിയിൽ നിന്നും പന്ത്സ്വീകരിച്ച് അഡ്രിയാൻ ലൂണ കൊടുത്ത മനോഹരമായ ത്രൂ ബോൾ മികച്ചൊരു ഫിനിഷിംഗിലൂടെ ജാപ്പനീസ് താരം ഡെയ്സുകെ ഗോളാക്കി മാറ്റി.

രണ്ടാം പകുതിയിൽ സമനില ഗോളിനായി കഠിനമായി ശ്രമിക്കുന്ന ഈസ്റ്റ് ബംഗാളിനെയാണ് കാണാൻ സാധിച്ചത്. 54 ആം മിനുട്ടിൽ മഹേഷ് ഗോളിനടുത്തെത്തിയെങ്കിലും സന്ദീപിന്റെ ഇടപെടൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തി. 60 ആം മിനുട്ടിൽ ഈസ്റ്റ് ബംഗാൾ ഗോളിന് അടുത്തെത്തിയെങ്കിലും സിവേരിയോയുടെ ഹെഡ്ഡർ പുറത്തേക്ക് പോയി.സിവേരിയോ തന്റെ അവസാന 12 മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടിയിട്ടില്ല തൊട്ടടുത്ത മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് ലീഡുയർത്താൻ അവസരം ലഭിച്ചു. ലൂണയുടെ പാസിൽ നിന്നും സന്ദീപ് സിംഗിന്റ ഷോട്ട് ഈസ്റ്റ് കീപ്പർ ഗിൽ തട്ടിയകറ്റി.

മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ ഈസ്റ്റ് ബംഗാൾ ആക്രമണം ശക്തമാക്കി. 82 ആം മിനുട്ടിൽ മഹേഷിനെ ഗോൾ കീപ്പർ സച്ചിൻ ബോക്സിൽ വീഴ്ത്തിയതിന് ഈസ്റ്റ് ബംഗാളിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ ക്ലീറ്റൺ സിൽവയുടെ കിക്ക് സച്ചിൻ തടുത്തിട്ടു. ക്ലീറ്റൺ എടുത്ത ആദ്യ കിക്ക് സച്ചിൻ രക്ഷപെടുത്തിയെങ്കിലും റഫറി വിസിൽ വിളിച്ചതോടെ ഈസ്റ്റ് ബംഗാളിനും ക്ലീറ്റൺ സിൽവക്കും വീണ്ടും അവസരം ലഭിച്ചു. എന്നാൽ ബ്രസീലിയൻ താരത്തിന്റെ രണ്ടാം കിക്കും സച്ചിൻ രക്ഷപെടുത്തി ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി മാറി.

87 ആം മിനുട്ടിൽ ദിമിയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. ഈസ്റ്റ് ബംഗാൾ പ്രതിരോധ താരത്തിന്റെ പിഴവില നിന്നാണ് ദിമി ഗോൾ നേടിയത്.ഗോൾ ആഘോഷിക്കാനായി ഡയമന്റകോസ് തന്റെ ജേഴ്സി അഴിച്ചപ്പോൾ രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു. ഇതോടെ പത്തു പെരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളി അവസാനിപ്പിച്ചത്.ഇഞ്ചുറി ടൈമിൽ ഈസ്റ്റ് ബംഗാളിന് അനുകൂലമായി വീണ്ടും പെനാൽറ്റി ലഭിച്ചു. ക്ലീറ്റൺ സിൽവ പിഴവ് കൂടാതെ ഗോളാക്കി മാറ്റി സ്കോർ 1 -2 ആക്കി മാറ്റി.

Rate this post