കേരള ബ്ലാസ്റ്റേഴ്സിന്റെ കാവൽ മാലാഖയായി സച്ചിൻ സുരേഷ് |Kerala Blasters |Sachin Suresh

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മസ്ലരത്തിൽ ഉജ്ജ്വല വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. എവേ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. മലയാളി യുവ ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ മിന്നുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് വിജയം നേടിക്കൊടുത്തത്.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി ലഭിക്കാൻ സാധ്യതയുള്ള നിമിഷങ്ങളിൽ രണ്ട് പെനാൽറ്റി കിക്കുകളാണ് സച്ചിൻ തടഞ്ഞിട്ടത്. അതും ഐഎസ്എല്ലിലെ ഏറ്റവും മികച്ച വിദേശ താരങ്ങളിൽ ഒരാളായ ക്ലിറ്റൻ സിൽവയുടെ കിക്കുകൾ. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നിൽ നിൽക്കുന്ന സമയത്ത് തന്റെ പിഴവിൽ നിന്നും ഈസ്റ്റ് ബംഗാളിന് ലഭിച്ച പെനാൽറ്റി തടുത്തിട്ട താരം ടീമിന്റെ രക്ഷകനായി. ആദ്യത്തെ പെനാൽറ്റി കിക്ക് തടുത്തിട്ടപ്പോൾ റഫറി റീടേക്ക് എടുക്കാൻ ആവശ്യപ്പെട്ടിരുന്നു.

രണ്ടാമത്തെ പെനാൽറ്റി കിക്കും താരം അവിശ്വസനീയമായ രീതിയിൽ തടഞ്ഞ് ബ്ലാസ്‌റ്റേഴ്‌സിനെ ലീഡ് നിലനിർത്താൻ സഹായിച്ചു.ഒഡിഷയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലും സച്ചിന്‍ പെനാല്‍റ്റി രക്ഷപ്പെടുത്തിയിരുന്നു.അഹമ്മദ് ജഹായുടെ കിക്ക് ​ക്രോസ്ബാറിൽ തട്ടി തിരികെ വന്നു. പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ നവോച സിം​ഗ് പന്ത് കൈകൊണ്ട് തട്ടിമാറ്റാൻ ശ്രമിച്ചു. ഇതോടെ ഒഡീഷയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിചെങ്കിലും ഡി​ഗോ മൗറീഷ്യയുടെ പെനാൽറ്റിയും പിന്നാലെ ഇസാക് റാൾട്ടെയുടെ ​​ഗോൾശ്രമവും ഡബിൾ സേവിലൂടെ സച്ചിൻ രക്ഷപെടുത്തി.

ഇതുവരെ മൂന്നു പെനാൽറ്റികളാണ് സച്ചിൻ രക്ഷപെടുത്തിയത്.സീസൺ തുടങ്ങുന്നതിനു മുൻപേ തന്നെ ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരമായിരുന്നു സച്ചിൻ എന്നാൽ ഓരോ മത്സരത്തിലും മിന്നുന്ന പ്രകടനവുമായി ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായി യുവ ഗോൾ കീപ്പർ വളർന്നിരിക്കുകയാണ്.പല മത്സരങ്ങളിലും തകർപ്പൻ സേവുകളും മത്സരത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന ഇടപെടലുകളും താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നു.

മത്സരത്തിൽ 2-1 എന്ന സ്കോർ ലൈനിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. 31 ആം മിനുട്ടിൽ ഡൈസുകി സകായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത്.89 ആം മിനുട്ടിൽ ഡയമന്തക്കോസ് ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് ഇരട്ടിച്ചു. അവസാന മിനുട്ടിൽ സിൽവയുടെ വകയായിരുന്നു ഈസ്റ്റ്‌ ബംഗാളിന്റെ ആശ്വാസഗോൾ.ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.