’99 ശതമാനവും സച്ചിൻ അത് രക്ഷപ്പെടുത്തേണ്ടതായിരുന്നു’ : എഫ്‌സി ഗോവയ്‌ക്കെതിരെയുള്ള തോൽവിയെക്കുറിച്ച് മൈക്കൽ സ്റ്റാഹ്രെ | Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിൽ എഫ്.സി. ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് തോല്വിക് വഴങ്ങിയിരുന്നു.കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴിസിനെ പരാജയപ്പെടുത്തിയത്. 40-ാം മിനിറ്റില്‍ ബോറിസ് സിംഗ് നേടിയ ഏക ഗോളാണ് എഫ്.സി. ഗോവയെ വിജയത്തിലെത്തിച്ചത്.

സച്ചിൻ സുരേഷിൻ്റെ മോശം ഗോൾകീപ്പിംഗ് ആണ് ഗോളിലേക്ക് വഴിവെച്ചത്.കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സിന് സീസണിലെ നാലാം തോൽവി ആയിരുന്നു ഇത്.12 ഐഎസ്എൽ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് സ്‌കോർ ചെയ്യാതെ പോകുന്നത് ഇതാദ്യമാണ്. 2024 ഏപ്രിൽ 6ന് ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് (2-0) മഞ്ഞപ്പട അവസാനമായി ഐഎസ്എല്ലിൽ സ്‌കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടത്. ഈ സീസണിൽ കഴിഞ്ഞ ഒമ്പത് ഐഎസ്എൽ മത്സരങ്ങളിൽ ഓരോ ഗോളെങ്കിലും ബ്ലാസ്റ്റേഴ്സ് നേടിയിരുന്നു.ആദ്യ പകുതിയുടെ അവസാന ഘട്ടത്തിൽ തൻ്റെ കളിക്കാർക്ക് താളം നഷ്ടപ്പെട്ടുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് സമ്മതിച്ചു, ഇത് അവർ ഗോൾ വഴങ്ങാൻ കാരണമായി.

“ഞങ്ങൾ കളിയുടെ ആദ്യ ഭാഗത്തിൽ നിന്ന് വളരെ ശക്തരായിരുന്നുവെന്ന് ഞാൻ കരുതുന്നു. ആസൂത്രണം ചെയ്ത ഗെയിം പോലെ തന്നെ ഞങ്ങൾ കളിച്ചുവെന്ന് ഞാൻ കരുതുന്നു. പൊതുവെ ഞങ്ങൾ കളി നന്നായി നിയന്ത്രിച്ചുവെന്ന് ഞാൻ കരുതുന്നു, ”അദ്ദേഹം മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.”ഏകദേശം 25-30 മിനിറ്റിനു ശേഷം, ടീമിന് ഘടന നഷ്ടപ്പെടാൻ തുടങ്ങി. പന്ത് അനായാസം നഷ്ടപ്പെടുത്തി.പന്ത് നഷ്ടപ്പെടുമ്പോൾ, പ്രതിരോധിക്കാവുന്ന സ്ഥിതിയിലായിരുന്നില്ല ഞങ്ങൾ. ആ ഘട്ടത്തിലാണ് ഗോൾ വഴങ്ങിയത്. എവിടെ നിന്നോ പൊട്ടിവീണൊരു ഗോളായിരുന്നു അത്. എന്റെ കാഴ്ചപ്പാടിൽ, അതൊരു മികച്ച അവസരമായിരുന്നില്ല. 100ൽ 99 ശതമാനവും സച്ചിൻ അത് രക്ഷപ്പെടുത്തേണ്ടതായിരുന്നു” പരിശീലകൻ പറഞ്ഞു.

“ആദ്യപകുതിയുടെ അവസാന ഘട്ടത്തിൽ ഞങ്ങളുടെ ഊർജത്തിൽ അൽപ്പം കുറവ് വന്നു. കളിയുടെ ആദ്യഭാഗത്ത് ലഭിച്ച ആക്കം നഷ്ടമായി. ആദ്യ പകുതിക്ക് ശേഷം ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചു. കളിക്കാർ നന്നായി പ്രതികരിച്ചു. ശേഷം, നേരത്തെ മാറ്റങ്ങൾ വരുത്താൻ ഞങ്ങൾ തീരുമാനിച്ചു.ഞങ്ങൾ ഗോളടിക്കാതിരുന്നത് എന്നെ ഞെട്ടിച്ചു. കളിയുടെ അവസാന ഘട്ടത്തിൽ കടുത്ത സമ്മർദ്ദത്തിലായിരുന്നു ഞങ്ങൾ. ഞങ്ങൾക്ക് നല്ല മത്സരമായിരുന്നില്ല ഇത്. ഇത്തരം മത്സരങ്ങളിൽ തോൽവി വഴങ്ങരുത്” പരിശീലകൻ കൂട്ടിച്ചേർത്തു.

“ഇവിടെ കൂടിയിരിക്കുന്നവരെ പോലെ തന്നെ കളിക്കാരും തീർത്തും നിരാശരാണ്. അടുത്ത മത്സരത്തിന് മുമ്പ് അവർ മെച്ചപ്പെടും. അതിൽ ആശങ്കയില്ല. എന്നാൽ ഇപ്പോൾ, ഈ കളി തോറ്റതിൽ ഞങ്ങൾ ശരിക്കും നിരാശരാണ്.” – അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.ബെംഗളൂരു എഫ്‌സിക്ക് എതിരെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഡിസംബർ ഏഴിന് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.