‘മോഹൻ ബഗാൻ എന്റെ മുൻകാല ക്ലബ്ബാണ്, എന്നാൽ അവരെ കൃത്യമായി പ്രതിരോധിക്കാൻ ഞങ്ങൾക്ക് പദ്ധതികളുണ്ട്’ : പ്രബീർ ദാസ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ഇന്ന് നടക്കുന്ന ആവേശ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ബഗാൻ സൂപ്പർ ജെയ്ന്റ്സും ഏറ്റുമുട്ടും. വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിൽ രാത്രി എട്ടു മണിക്കാണ് മത്സരം നടക്കുന്നത്. 2023 വിജയത്തോടെ അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങിയ മോഹൻ ബഗാൻ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്.മുംബൈ സിറ്റി എഫ്‌സിയെ കൊച്ചിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ, ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചും പ്രബീർ ദാസും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. തന്റെ മുൻ ക്ലബായ മോഹൻ ബഗാനെ നേരിടുന്നതിനെക്കുറിച്ച് പ്രബീർ ദാസ് സംസാരിച്ചു.മുൻ മോഹൻ ബഗാൻ കളിക്കാരനായ പ്രബീർ ദാസ് ക്ലബിനോട് ബഹുമാനം നിലനിർത്തിയെങ്കിലും വരാനിരിക്കുന്ന മത്സരത്തിലാണ് ശ്രദ്ധയെന്നും പറഞ്ഞു.

“മോഹൻ ബഗാൻ എന്റെ മുൻകാല ക്ലബ്ബാണ്, എന്നാൽ ഇപ്പോൾ ഞാൻ ഞങ്ങളുടെ ടീമിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.മോഹൻ ബഗാൻ അപകടകാരികളാണ്. അവരെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് പദ്ധതികളുണ്ട്” പ്രബീർ ദാസ് പറഞ്ഞു.മുൻനിര ടീമുകളെ തുടർച്ചയായി നേരിടുമ്പോൾ സമ്മർദം ഉണ്ടാവുമെങ്കിലും പ്രബീർ ദാസ് ടീമിന്റെ കഴിവുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.”ഞാൻ ഇവിടെ സന്തുഷ്ടനാണ്, കാണികളുടെയും പരിശീലകരുടെയും മാനേജ്മെന്റിന്റെയും പിന്തുണ ആസ്വദിക്കുന്നു” ദാസ് കൂട്ടിച്ചേർത്തു. 2015 മുതൽ 2017 വരെ മോഹൻ ബഗാൻ്റെ താരമായി വായ്പാടിസ്ഥാനത്തിൽ കളിച്ച പ്രബീറിനെ 2017ൽ എടികെ സ്വന്തമാക്കി. 2022 വരെ താരം എടികെയിൽ തുടർന്നു.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോൽവി അറിഞ്ഞെങ്കിലും മോഹൻ ബഗാൻ ശക്തരായ ടീമാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ പറഞ്ഞു.“മുറിവേറ്റ ടീമുകളാണ് ഏറ്റവും അപകടകാരികൾ. ഗുണനിലവാരമുള്ള കളിക്കാർ, ശക്തമായ പരിശീലകൻ, ഹോം നേട്ടം എന്നിവയാൽ അവർ ശക്തരാണ്. നമുക്ക് അവരെ വിലകുറച്ച് കാണാനാകില്ല; ഇത് കഠിനവും ബുദ്ധിമുട്ടുള്ളതുമായ ഗെയിമായിരിക്കും. നമ്മൾ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം” മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ സമീപകാല പ്രകടനത്തെക്കുറിച്ച് പരിശീലകൻ പറഞ്ഞു.

Rate this post