അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ വമ്പൻ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

കലിംഗ സൂപ്പർ കപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ പുറത്തെടുത്തത്.

നോർത്ത് ഈസ്റ്റിനായി പർതിബ് ഗൊഗോയ്, മൊഹമ്മദ് അലി, റെഡീം ട്ലാംഗ്, ജിതിൻ എം എസ്‌ എന്നിവർ വല കുലുക്കിയപ്പോൾ, ദിമിത്രിയോസ് ഡയമാന്റകോസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെ പരാജയപ്പെടുത്തി സൂപ്പർ കപ്പ് മികച്ച രീതിയിൽ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടു മൂന്നും മത്സരങ്ങളിൽ ജാംഷെഡ്പൂരിനോടും നോർത്ത് ഈസ്റ്റിനോടും ദയനീയ തോൽവി ഏറ്റുവാങ്ങി. വലിയ മാറ്റങ്ങളോടെയാണ് പരിശീലകൻ ഇവാൻ ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ വരുത്തിയത്.

പെപ്ര, പ്രബീർ ദാസ്, മിലോസ് ഡ്രിൻസിച്ച്, മൊഹമ്മദ് അസർ, മൊഹമ്മദ് ഐമൻ എന്നിവർ സ്റ്റാർട്ടിങ് ഇലവനിൽ നിന്ന് പുറത്തായി. പകരം ഇലവനിലേക്ക് വന്നത് സന്ദീപ് സിങ്, ഹോർമിപാം റൂയിവ, യോഹൻബ, നിഹാൽ സുധീഷ്, ബിദ്യാഷാഗർ സി‌ങ് എ‌ന്നിവരാണ് .മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ സൂപ്പർ താരം പാർദ്ദിപ് ഗോഗോയ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. ആദ്യ പകുതി അവസാനിച്ചപ്പോൾ ഈ ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് പുറകിലായിരുന്നു.രണ്ടാം പകുതിയിൽ കൂടുതൽ പരിതാപകരമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്.

68ആം മിനുട്ടിൽ ബെമാമർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ലീഡ് വർദ്ധിപ്പിച്ചു. എഴുപതാം മിനിറ്റിൽ ദിമി ഗോൾ നേടിയതോടുകൂടി ബ്ലാസ്റ്റേഴ്സ് തിരിച്ചുവരുന്നു എന്ന തോന്നൽ ഉണ്ടാക്കി.എന്നാൽ പിന്നീട് ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ വഴങ്ങുകയായിരുന്നു. 75ആം മിനുട്ടിൽ ത്ലാങ്ങും അഞ്ച് മിനിട്ടിനു ശേഷം ജിതിനും ഗോൾ നേടിയതോടുകൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ പതനം പൂർത്തിയാവുകയായിരുന്നു. 6 പോയിന്റ് നേടിയ നോർത്ത് ഈസ്റ്റ് ഗ്രൂപ്പിൽ രണ്ടമതായും മൂന്നു പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായും ഫിനിഷ് ചെയ്തു.

4/5 - (1 vote)