ജംഷഡ്പൂരിനെതിരെയുള്ള വിജയത്തോടെ ചരിത്ര നേട്ടം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി വിജയ ഗോള്‍ നേടിയത്.വിരസമായ ഒന്നാം പകുതിക്ക് ശേഷം 74 -ാം മിനിറ്റിലാണ് ലൂണ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വിജയ ഗോള്‍ നേടിയത്.

മത്സരത്തിൽ ജയിച്ചതോടെ ആറുപോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് മോഹന്‍ബഗാനൊപ്പം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തിൽ ബംഗളുരുവിനെതിരെ കൊച്ചിയിൽ വിജയം സ്വന്തമാക്കിയിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇന്നലത്തെ വിജയത്തോടെ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഐഎസ്എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും വിജയം കാണുന്നത്. കഴിഞ്ഞ 9 സീസണുകളിലും ബ്ലാസ്റ്റേഴ്സിന് ആദ്യ രണ്ടു മത്സരം വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇന്നലെ നടന്ന മത്സരത്തിൽ ലൂണ നേടിയത് മനോഹരമായ ഗോളായിരുന്നു. 74 ആം മിനുട്ടിൽ വലതു വശത്ത് നിന്നും ബ്ലാസ്റ്റേഴ്സിന്റെ ഡൈസുകെ സകായ് ലൂണയ്ക്ക് നൽകിയ പന്ത് ലൂണ ബോക്സിന്റെ മധ്യത്തിൽ ഡയമന്റകോസിനു നൽകി. ഡയമന്റകോസ് ലൂണയ്ക്കു തന്നെ പന്ത് തിരിച്ചുനൽകി. പിന്നാലെ ലൂണ മനോഹരമായ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. എഴുപത്തിയൊന്നാം മിനിറ്റിൽ മികച്ചൊരു ഗോൾ അവസരം ബ്ലാസ്റ്റേഴ്സിന്റെ ഐമന്റെ മുൻപിൽ കിട്ടിയെങ്കിലും ​ഗോൾ നേടാനായില്ല.

ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഒക്ടോബർ എട്ടിനാണ്. കരുത്തരായ മുംബൈ സിറ്റി എഫ്സിയാണ് ഈ കളിയിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അരീനയിലാണ് ഈ മത്സരം നടക്കുക. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരം കൂടിയാണിത്.

2.5/5 - (4 votes)