‘സെഞ്ചുറിക്ക് വേണ്ടി സിംഗിൾ ഒഴിവാക്കാൻ കോലി ആഗ്രഹിച്ചിരുന്നില്ല,സെഞ്ച്വറിക്കായി കളിക്കാൻ പറഞ്ഞത് ഞാൻ ‘ : കെഎൽ രാഹുൽ |World Cup 2023

വിരാട് കോഹ്‌ലി തന്റെ 48-ാം ഏകദിന സെഞ്ച്വറി നേടി മുന്നിൽ നിന്നും നയിച്ചപ്പോൾ ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയെ ഏഴ് വിക്കറ്റിന്റെ അനായാസ ജയത്തിലേക്ക് നയിച്ചു. 97 പന്തിൽ 103 റൺസുമായി കോലി പുറത്താവാതെ നിന്നു. ബംഗ്ലാദേശ് ഉയർത്തിയ 257 റൺസ് വിജയലക്ഷ്യം 41.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ പൂർത്തിയാക്കി.

പുറത്താകാതെ 34 റൺസുമായി ഇന്നിംഗ്‌സ് അവസാനിപ്പിച്ച കെ എൽ രാഹുലാണ് കോലിക്ക് ക്രീസിൽ പിന്തുണ നൽകുന്നത്.34-കാരൻ തന്റെ സെഞ്ചുറിയിലെത്തിയത് തികച്ചും നാടകീയമായ രീതിയിലാണ്.48-ാം ഏകദിന സെഞ്ചുറിക്ക് വിരാട് കോഹ്‌ലിക്ക് 27 റൺസ് വേണം. 2023 ലോകകപ്പിൽ തുടർച്ചയായ നാലാം ജയത്തിനായി ബംഗ്ലാദേശിനെതിരെ 257 റൺസ് പിന്തുടരുമ്പോൾ ജയിക്കാനായി ഇന്ത്യയ്ക്ക് 28 റൺസ് കൂടി വേണമായിരുന്നു.കോഹ്ലിക്ക് സെഞ്ചുറി നേടാൻ അവസരമുണ്ട് എന്ന് മനസ്സിലാക്കിയ രാഹുൽ നിസ്വാർത്ഥമായ രീതിയിലാണ് കളിച്ചത്.

പിന്നീട് കോഹ്ലിക്ക് സ്ട്രൈക്ക് നൽകുക എന്നത് മാത്രമായിരുന്നു രാഹുലിന്റെ മുൻപിൽ ഉണ്ടായിരുന്നത്.അതിനായി പല സിംഗിളുകളും രാഹുൽ വേണ്ടെന്നു വെച്ചു.42-ാം ഓവർ ആരംഭിക്കുന്നതിന് മുമ്പ് വിരാട് കോഹ്‌ലി 97-ലേക്ക് നീങ്ങി. ചേസ് പൂർത്തിയാക്കാൻ അദ്ദേഹത്തിന് 3 റൺസും ഇന്ത്യയ്ക്ക് 2 റൺസും വേണ്ടിയിരുന്നു. ഇടംകയ്യൻ സ്പിന്നർ നസും അഹമ്മദിന്റെ 42-ാം ഓവറിലെ 3-ാം പന്തിൽ കോലി തന്റെ നാഴികക്കല്ലിലെത്തുകയും ഇന്ത്യയെ ഫിനിഷിംഗ് ലൈനിലെത്തിക്കുകയും ചെയ്തു.അവസാന 3 ഓവറിൽ 8 ഡോട്ട് ബോളുകൾ കളിച്ച വിരാട് കോഹ്‌ലി തന്റെ സെഞ്ച്വറിയിലെത്തിയത്.അവസാന 3-4 ഓവറിൽ സിംഗിൾസ് നിരസിക്കുന്നത് ശരിയായില്ലെന്ന് വിരാട് കോഹ്‌ലി പറഞ്ഞതായി 7 വിക്കറ്റ് വിജയത്തിന് ശേഷം സംസാരിച്ച കെ എൽ രാഹുൽ പറഞ്ഞു.

“വിരാട് കോലിക്ക് വേണ്ടി സിംഗിളുകൾ വേണ്ടന്ന് വയ്ക്കുകയായിരുന്നു. പക്ഷേ അത് വളരെ മോശം കാര്യമാണ് എന്ന് വിരാട് എന്നോട് പറഞ്ഞു. സിംഗിളുകൾ നേടിയില്ലെങ്കിൽ താൻ വ്യക്തിഗതമായ നാഴികക്കല്ലിനായി കളിക്കുകയാണ് എന്ന് ആളുകൾ കരുതും എന്നായിരുന്നു വിരാട് എന്നോട് പറഞ്ഞത്. എന്നാൽ നമ്മൾ അനായാസം വിജയം സ്വന്തമാക്കുമെന്നാണ് ഞാൻ മറുപടി നൽകിയത്. അതിനാൽ തന്നെ സെഞ്ചുറി സ്വന്തമാക്കാൻ ഇനിയും സമയമുണ്ടെന്നും ഞാൻ ഓർമിപ്പിച്ചു” രാഹുൽ പറയുന്നു.

അവസാന ഓവറിൽ അമ്പയർ റിച്ചാർഡ് കെറ്റിൽബറോ വൈഡ് ഡൌൺ ദി ലെഗ് സൈഡ് വിളിക്കാത്ത അസാധാരണമായ തീരുമാനത്തെക്കുറിച്ചും രാഹുൽ അഭിപ്രായം പറഞ്ഞു.സെഞ്ചുറിയിലെത്താൻ കോഹ്‌ലിക്ക് മൂന്ന് റൺസ് വേണ്ടിയിരുന്നപ്പോൾ ഇന്ത്യക്ക് ജയിക്കാൻ 2 റൺസ് വേണ്ടിയിരുന്നു. എന്നാൽ, തീരുമാനത്തിൽ പക്ഷം ചേരേണ്ടതില്ലെന്ന് രാഹുൽ തീരുമാനിച്ചു. “മുമ്പത്തെ ഓവറിലും ഇത് സംഭവിച്ചു, ഒരു സ്ലോ ബൗൺസർ ഒരു വൈഡിലേക്ക് പോയി. ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ചോദ്യമാണിത്” രാഹുൽ പറഞ്ഞു.

Rate this post