49 ആം സെഞ്ചുറിയുമായി വിരാട് കോലി , ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യക്ക് മികച്ച സ്കോർ |World Cup 2023

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ശക്തമായ ഒരു ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യ. ഈഡൻ ഗാർഡൻസിലെ സ്ലോനസ് നിറഞ്ഞ പിച്ചിൽ നിശ്ചിത 50 ഓവറുകളിൽ 326 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്. മത്സരത്തിൽ വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ ബാറ്റിംഗ് മികവാണ് ഇന്ത്യയ്ക്ക് ഇത്തരമൊരു സ്കോർ സമ്മാനിച്ചത്.

സ്പിന്നിനെ അനുകൂലിച്ച പിച്ചിൽ അതി സൂക്ഷ്മമായ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ചത്. എന്നാൽ ദക്ഷിണാഫ്രിക്കയുടെ വമ്പൻ ബാറ്റിംഗ് നിരക്കെതിരെ ഈ സ്കോർ ഇന്ത്യയ്ക്ക് മതിയാവുമോ എന്ന ചോദ്യം നിലനിൽക്കുന്നു.മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒരു വെടിക്കെട്ട് തുടക്കം തന്നെയായിരുന്നു നായകൻ രോഹിത് ശർമ നൽകിയത്. ആദ്യ ഓവറുകളിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ ബോളർമാരെ അടിച്ചുതുരുത്താൻ രോഹിത് ശർമയ്ക്ക് സാധിച്ചു.

മത്സരത്തിൽ രോഹിത് 24 പന്തുകളിൽ 6 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 40 റൺസാണ് നേടിയത്. എന്നാൽ കൃത്യമായ സമയത്ത് രോഹിത്തിനെയും ഗില്ലിനെയും(23) പുറത്താക്കി ദക്ഷിണാഫ്രിക്കൻ ബോളർമാർ തിരിച്ചുവരവ് നടത്തുകയായിരുന്നു. ശേഷം ദക്ഷിണാഫ്രിക്കയുടെ സ്പിന്നർമാർക്ക് പിച്ചിൽ നിന്ന് ആനുകൂല്യം ലഭിച്ചപ്പോൾ മത്സരത്തിലേക്ക് ദക്ഷിണാഫ്രിക്ക അതിവിദഗ്ധമായി തിരിച്ചുവരികയുണ്ടായി.പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഇന്ത്യൻ ബാറ്റർമാരായ കോഹ്ലിയും ശ്രേയസ് അയ്യരും വളരെ സൂക്ഷിച്ചാണ് മുന്നോട്ടുപോയത്.

ഇരുവരും തങ്ങളുടെ ഇന്നിങ്സിന്റെ ആദ്യ സമയത്ത് സിംഗിളുകൾ നേടിയാണ് തുടങ്ങിയത്. പിന്നീട് ഇരുവരും അടിച്ചു തകർക്കുന്നതാണ് കണ്ടത്. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചു. 119 പന്തുകളിൽ നിന്നായിരുന്നു വിരാട് കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. അയ്യർ മത്സരത്തിൽ 87 പന്തുകളിൽ നിന്ന് 7 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 77 റൺസും നേടുകയുണ്ടായി. അവസാന ഓവറുകളിൽ ജഡേജയും(29*) അടിച്ചുതകർത്തപ്പോൾ ഇന്ത്യ 320 എന്ന സ്കോറിൽ എത്തുകയായിരുന്നു.

Rate this post