‘ഇടങ്കയ്യൻ ഷെയ്ൻ വോണിനെപ്പോലെ’: കുൽദീപ് യാദവിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ | Kuldeep Yadav

ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള റാഞ്ചി ടെസ്റ്റ് ആതിഥേയ ടീമിന് അനുകൂലമായി മാറ്റി എന്ന് പറഞ്ഞാൽ തെറ്റില്ല. രണ്ടാം ഇന്നിംഗ്‌സിൽ രവിചന്ദ്ര അശ്വിൻ ആദ്യ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയേക്കാം, പക്ഷേ അതിവേഗ റൺസ് നേടി കളി കൈവിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ സാക്ക് ക്രാളിയുടെയും ജോണി ബെയർസ്റ്റോയുടെയും നിർണായക വിക്കറ്റുകൾ കുൽദീപാണ് വീഴ്ത്തിയത്.

15 ഓവറിൽ 22 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ്‌ കുൽദീപ് നേടിയത്. ഇംഗ്ലണ്ടിനെ വെറും 145 റൺസിന് പുറത്താക്കുന്നതിൽ കുൽദീപ് വലിയൊരു പങ്കുവഹിച്ചു.വിക്കറ്റ് വീഴ്ത്തുന്നതിനേക്കാൾ, പിച്ചിൽ നിന്ന് അദ്ദേഹം പുറത്തെടുത്ത തരത്തിലുള്ള ടേൺ ഇംഗ്ലണ്ട് ബാറ്റർമാരുടെ മനസ്സിൽ സംശയം സൃഷ്ടിച്ചു. മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ വോൺ ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ൻ വോണുമായി താരതമ്യപ്പെടുത്തി.

“എനിക്ക് കുൽദീപിനു നല്കാൻ കഴിയുന്ന ഏറ്റവും മികച്ച അഭിനന്ദനം.. ഇന്ന് അവൻ ഒരു ഇടങ്കയ്യൻ ഷെയ്ൻ വോണിനെപ്പോലെ പന്തെറിഞ്ഞു,” ഇന്ത്യൻ സ്പിന്നറെ പ്രശംസിച്ചുകൊണ്ട് വോൺ തൻ്റെ ഒരു ട്വീറ്റിൽ കുറിച്ചു. “ഇന്ന് കുൽദീപ് ബൗൾ ചെയ്ത രീതി ഷെയിൻ വോൺ തീർച്ചയായും ഇഷ്ടപ്പെടുമായിരുന്നു,” വോൺ മറ്റൊരു ട്വീറ്റിൽ കുറിച്ചു.

റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സെന്ന വിജയലക്ഷ്യം നാലാം ദിനം രണ്ടാം സെഷനില്‍ തന്നെ ഇന്ത്യ മറികടന്നു. ശുഭ്മാന്‍ ഗില്ലും ധ്രുവ് ജുറേലും ചേര്‍ന്ന പിരിയാത്ത കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.ഇതോടെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തം (3-1). ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ, പിന്നീടുള്ള മൂന്ന് ടെസ്റ്റുകളും ജയിക്കുകയായിരുന്നു. ബാസ് ബോള്‍ കാലത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് പരമ്പര തോല്‍വിയാണിത്. അവസാന ടെസ്റ്റ് മാര്‍ച്ച് ഏഴിന് ധരംശാലയില്‍ നടക്കും .

Rate this post