ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലൗട്ടാരോ മാർട്ടിനെസിന്റെ ഗോളിൽ പെറുവിനെ വീഴ്ത്തി അര്ജന്റീന | Argentina

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ വിജയ വഴിയിൽ തിരിച്ചെത്തി ലോക ചാമ്പ്യന്മാരായ അര്ജന്റീന. ലാ ബൊംബൊനെരയിൽ നടന്ന മത്സരത്തിൽ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്.

അർജൻ്റീനയ്ക്ക് വേണ്ടി ലയണൽ മെസ്സിയുടെ അസ്സിസ്റ്റിൽ ലൗട്ടാരോ മാർട്ടിനെസ് ഗോൾ നേടി. മത്സരത്തിൽ അർജൻ്റീന നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മാർട്ടിനെസിന്റെ ഗോളിൽ വിജയിച്ചു കയറുകയിരുന്നു.ആദ്യ പകുതിയിൽ തന്നെ ജൂലിയൻ അൽവാരസ് എടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.മിനിറ്റുകൾക്ക് ശേഷം, അൽവാരെസ് പന്ത് പെനാൽറ്റി ഏരിയയിലേക്ക് ക്രോസ് ചെയ്യുകയും അലക്സിസ് മാക് അലിസ്റ്ററിൻ്റെ ഹെഡ്ഡർ പുറത്ത് പോവുകയും ചെയ്തു.

രണ്ടാം പകുതി തുടങ്ങാൻ ലയണൽ സ്‌കലോനി ഒരു മാറ്റവും വരുത്തിയില്ലെങ്കിലും അര്ജന്റീന ഗോൾ നേടി.55 ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും മെസി കൊടുത്ത മികച്ചൊരു ക്രോസ്സ് മനോഹരമായ വോളിയിലൂടെ ലൗട്ടാരോ മാർട്ടിനെസ് ഗോളാക്കി മാറ്റി.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര അസിസ്റ്റുകൾക്ക് യുഎസ് പുരുഷ ദേശീയ ടീമിൻ്റെ ഇതിഹാസമായ ലാൻഡൻ ഡോണോവനുമായി മെസ്സിയെ ഈ അസിസ്റ്റ് ടൈയിൽ എത്തിച്ചു.

അവർക്ക് ഓരോരുത്തർക്കും 58 അസിസ്റ്റുകളാണുള്ളത്. യോഗ്യത റൗണ്ടിൽ 11 മത്സരങ്ങളിൽ നിന്നും 22 പോയിന്റുമായി അര്ജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 7 പോയിന്റുമായി പെറു ഒന്പതാം സ്ഥാനത്താണ്.