‘ഫ്രീ കിക്കുകളുടെ രാജാവ്’ : ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ എന്ന റെക്കോർഡ് മറികടക്കാൻ ലയണൽ മെസ്സി |Lionel Messi

2026 ലോകകപ്പിനുള്ള ആദ്യ യോഗ്യതാ മത്സരത്തിൽ അർജന്റീന ഇക്വഡോറിനെ പരാജയപെടുത്തിയിരിക്കുകയാണ്. ഒരു ഗോളിന്റെ വിജയമാണ് നിലവിലെ ലോക ചാമ്പ്യന്മാർ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൂപ്പർ താരം ലയണൽ മെസ്സി ഫ്രീകിക്കിൽ നിന്നും നേടിയ തകർപ്പൻ ഗോളിനായിരുന്നു അർജന്റീനയുടെ വിജയം.

മോനുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇക്വഡോർ പ്രതിരോധം മറികടന്ന് അര്ജന്റീന ഗോളടിക്കാൻ പാടുപെട്ടു. നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല . മത്സരം അവസാന നിമിഷങ്ങളിലേക്ക് പ്രവേശിക്കവെ 78 മിനിറ്റ് ലഭിച്ച ഫ്രീകിക്ക് വളരെ മനോഹരമായി മഴവില്ലഴികിൽ എതിർ പോസ്റ്റിൽ എത്തിച്ചുകൊണ്ട് നായകൻ ലിയോ മെസ്സി അർജന്റീനയുടെ വിജയഗോൾ സ്കോർ ചെയ്തു. ലിയോ മെസ്സി നേടുന്ന ഒരു ഗോളിന്റെ ബലത്തിൽ അർജന്റീന വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കി.

ലയണൽ മെസ്സിയുടെ കരിയറിലെ 65 ആം ഫ്രീ കിക്ക് ഗോളായിരുന്നു ഇത്. ഇതോടെ ഇന്റർ മയാമി സഹ ഉടമ ഡേവിഡ് ബെക്ക് ഹാമിന്റെ ഫ്രീകിക്ക് ഗോളുകൾക്കൊപ്പം മെസ്സി എത്തുകയും ചെയ്തു.ഈ വർഷം മെസ്സി നേടുന്ന അഞ്ചാമത്തെ ഫ്രീകിക്ക് ഗോളാണ് ഇന്ന് പിറന്നത്. ബാഴ്സലോണ ജേഴ്സിയിൽ 50 ഫ്രീകിക്ക് ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്.പിഎസ്ജിക്കായി 2 ഉം ഇന്റർ മയമിക്കായി രണ്ടും അര്ജന്റീനക്കായി 11 ഗോളുകളും മെസ്സി നേടിയിട്ടുണ്ട്.

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീക്ക് ഗോളുകൾ നേടിയ താരങ്ങളുടെ ലിസ്റ്റിൽ 77 ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസം ജൂനിഞ്ഞോ, 70 ഗോളുകൾ നേടിയ ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ പെലെ, 66 ഫ്രീകിക്ക് ഗോളുകൾ നേടിയ ബ്രസീലിന്റെ തന്നെ മറ്റൊരു ഇതിഹാസ താരമായ റൊണാൾഡീഞ്ഞോ, അർജന്റീന ഇതിഹാസം ലെഗ്രോടാഗ്ലി എന്നിവരാണ് മെസ്സിക്ക് മുന്നിലുള്ളത്. 60 ഫ്രീകിക്ക് ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ പത്താം സ്ഥാനത്താണുള്ളത്.ഈ ഫോമിൽ മുന്നോട്ട് പോയാൽ തന്റെ കരിയർ അവസാനിക്കുന്നതിനു മുന്നേ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ എന്ന റെക്കോർഡ് മറികടക്കാൻ ലയണൽ മെസ്സിക്ക് സാധിക്കും എന്നുറപ്പാണ്.

5/5 - (1 vote)