ഗോളും അസിസ്റ്റുമായി ലയണൽ മെസ്സി , തകർപ്പൻ ജയവുമായി ഇന്റർ മയാമി | Lionel Messi | Inter Miami

മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ പിന്നിൽ നിന്നും തിരിച്ചു വന്ന് തകർപ്പൻ ജയം സ്വന്തമാക്കി ഇന്റർ മായാമി. സ്പോർട്ടിങ് കാൻസാസ് സിറ്റിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപ്പെടുത്തിയത്. ഗോളും അസിസ്റ്റുമായി സൂപ്പർ താരം ലയണൽ മെസ്സി പ്രകടനമാണ് പുറത്തെടുത്തത്. 71 ആം മിനുട്ടിൽ ഉറുഗ്വേൻ സൂപ്പർ താരം ലൂയി സുവാരസിന്റെ ഗോളാണ് ഇന്റർ മയാമിക്ക് വിജയം നേടിക്കൊടുത്തത്.

മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ എറിക് തോമി നേടിയ ഗോളിൽ കാൻസാസ് സിറ്റി മുന്നിലെത്തി. ലീബോൾഡ് നൽകിയ പാസിൽ നിന്നും ബോക്സിനുള്ളിൽ നിന്നും മിക്ച്ചര് ഷോട്ടിലൂടെ തോമി ലക്ഷ്യം കണ്ടു. എന്നാൽ 18 ആം മിനുട്ടിൽ പരാഗ്വേൻ താരം ഡീഗോ ഗോമസ് നേടിയ ഗോളിലൂടെ ഇന്റർ മയാമി സമനില നേടി. ലയണൽ മെസ്സിയുടെ മികച്ചൊരു അസ്സിസ്റ്റിൽ നിന്നായിരുന്നു ഗോമസ് ഗോൾ നേടിയത്. 27-ാം മിനിറ്റിൽ മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട് സ്‌പോർട്ടിംഗ് കെസി ഗോളി ടിം മെലിയ രക്ഷപ്പെടുത്തി.41-ാം മിനിറ്റിൽ മെസ്സിയുടെ മികച്ചൊരു ഫ്രീകിക്ക് പോസ്റ്റിനു തൊട്ടൊരുമി പുറത്തേക്ക് പോയി.

രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചു വന്ന ഇന്റർ മയാമി 51 ആം മിനുട്ടിൽ മെസ്സിയിലൂടെ ലീഡ് നേടി. ബോക്‌സിന് പുറത്ത് നിന്നുള്ള മെസ്സിയുടെ മനോഹരമായ ഇടം കാൽ ലോങ്ങ് റേഞ്ച് ഷോട്ട് കാൻസാസ് ഗോൾകീപ്പറെയും മറികടന്ന് വലയിൽ കയറി. എന്നാൽ 57 ആം മിനുട്ടിൽ കാൻസാസ് സമനില ഗോൾ നേടി. കോർണറിൽ നിന്നും ക്ലിയർ ചെയ്ത പന്ത് മികച്ചൊരു വലം കാൽ ഷോട്ടിലൂടെ എറിക് തോമി ഗോളാക്കി മാറ്റി. താരത്തിന്റെ മത്സരത്തിലെ രണ്ടാം ഗോളായിരുന്നു ഇത്.

71 ആം മിനുട്ടിൽ ലൂയി സുവാരസിലൂടെ ഇന്റർ മയാമി മുന്നിലെത്തി. കാൻസാസ് ഡിഫെൻഡറുടെ പിഴവിൽ നിന്നും പന്ത് തട്ടിയെടുത്ത ഗോമസ് കൊടുത്ത പാസിൽ നിന്നും സുവാരസ് ഗോൾ നേടുകയായിരുന്നു. 9 മത്സരങ്ങളിൽ നിന്നും 15 പോയിന്റ് നേടിയ ഇന്റർ മയാമി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

Rate this post