ഇഞ്ച്വറി ടൈമിൽ ഇരട്ട ഗോളടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം : തുടർച്ചയായ മൂന്നാം വിജയവുമായി ചെൽസി : ബെല്ലിങ്‌ഹാമിന്റെ ഇരട്ട ഗോളിൽ റയൽ മാഡ്രിഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കി മാഞ്ചെസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫൊഡിൽ നടന്ന നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രെന്റഫോഡിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ട നിന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ സൂപ്പർ-സബ് സ്കോട്ട് മക്‌ടോമിനയ് നേടിയ ഇരട്ട ഗോളുകളാണ് വിജയത്തിലെത്തിച്ചത്.ഇഞ്ചുറി ടൈമിലാണ് താരം യുണൈറ്റഡിന്റെ രണ്ടു ഗോളുകൾ നേടിയത്.

26 ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പിഴവ് മുതലെടുത്ത് മത്യാസ് ജെൻസൻ ബ്രെന്റഫോഡിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ യുണൈറ്റഡിന്റെ ഭാഗത്ത് നിന്നും കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല, രണ്ടാം പകുതിയിൽ കളിക്കാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഗോൾ മാത്രം നേടാൻ സാധിച്ചില്ല.അവസാനം 94 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ മക്‌ടോമിനയ് യുണൈറ്റഡിന്റെ സമനില ഗോൾ നേടി.ഗാർനച്ചോയുടെ പാസിൽ നിന്നാണ് താരം ഗോൾ കണ്ടെത്തിയത്. 97 ആം മിനുട്ടിൽ ഹെഡ്ഡറിലൂടെ സ്കോട്ട് മക്‌ടോമിനയ് തന്നെ യുണൈറ്റഡിന്റെ വിജയ ഗോൾ നേടി. ഈ വിജയത്തോടെ 8 മത്സരങ്ങളിൽ നിന്നും യുണൈറ്റഡിന് 12 പോയിന്റായി.

മറ്റൊരു മത്സരത്തിൽ ചെൽസി ബേൺലിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ചെൽസി നാല് ഗോളുകൾ നേടി വിജയം കരസ്ഥമാക്കിയത്.വിൽസൺ ഒഡോബെർട്ട് നേടിയ ഗോളിൽ ബേൺലി 15-ാം മിനിറ്റിൽ ലീഡ് നേടി. 42 ആം മിനുട്ടിൽ അമീൻ അൽ ദഖിലിന്റെ സെൽഫ് ഗോൾ ചെൽസിക്ക് സമനില സമ്മാനിച്ചു. 50 ആം മിനുട്ടിൽ പെനാൽറ്റി ഏരിയയിൽ റഹീം സ്റ്റെർലിംഗ് ഫൗൾ ചെയ്യപ്പെട്ടതിനെത്തുടർന്ന് ലഭിച്ച പെനാൽറ്റി കോൾ പാമർ ഗോളാക്കി മാറ്റി ചെൽസിയെ മുന്നിലെത്തിച്ചു. 65 ആം മിനുട്ടിൽ സ്റ്റെർലിംഗും 74 ആം മിനുട്ടിൽ നിക്കോളാസ് ജാക്‌സനും നേടിയ ഗോളിൽ ചെൽസി വിജയം ഉറപ്പിച്ചു.8 മത്സരങ്ങളിൽ 9 പോയിന്റുളള ചെൽസി പത്താം സ്ഥാനത്താണ്.

ലാ ലീഗയിൽ ഒസാസുനക്കെതിരെ നേടിയ തകർപ്പൻ ജയത്തോടെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ്. എതിരില്ലാത്ത നാല് ഗോളിന്റെ വിജയമാണ് റയൽ മാഡ്രിഡ് നേടിയത്. തകർപ്പൻ ഫോമിലുള്ള യുവ താരം ജൂഡ് ബില്ലിങ്‌ഹാം റയലിനായി ഇരട്ട ഗോളുകൾ നേടി.(9′, 54′) മിനുട്ടുകളിലാണ് ബില്ലിംഗം റയലിനായി ഗോളുകൾ നേടിയത്.വിനീഷ്യസ് ജൂനിയർ 65 ആം മിനുട്ടിലും ജോസെലു 70 ആം മിനുട്ടിലും റയലിന്റെ ശേഷിക്കുന്ന ഗോളുകൾ നേടി. 9 മത്സരങ്ങളിൽ നിന്നും 24 പോയിന്റുകളാണ് റയൽ നേടിയത്.

Rate this post