ഓൾഡ്ട്രാഫോർഡിലും തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് : തുടർ വിജയങ്ങളുമായി മാഞ്ചസ്റ്റർ സിറ്റി : വമ്പൻ തിരിച്ചുവരവുമായി ടോട്ടൻഹാം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ദയനീയ തോൽവി. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ബ്രൈറ്റൺ & ഹോവ് അൽബിയോൺ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപെടുത്തിയത്. ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം തോൽവിയാണിത്. ഡാനി വെൽബെക്ക് (20′) പാസ്കൽ ഗ്രോസ് (53′) ജോവോ പെഡ്രോ (71′) എന്നിവരാണ് ബ്രൈറ്റണ് വേണ്ടി ഗോൾ നേടിയത്. 73 ആം മിനുട്ടിൽ ഹാനിബാൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടി .ഏകദേശം ഒരു വർഷത്തിന് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫൊഡിൽ പരാജയെടുന്നത്.ആ മത്സരത്തിലും ബ്രൈറ്റനോടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപെട്ടത്.
മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പടുത്തി.ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി മൂന്ന് ഗോളടിച്ച് വിജയം നേടിയത്.ജെറമി ഡോക്കു (46′) ബെർണാഡോ സിൽവ (76′) എർലിംഗ് ഹാലൻഡ് (86′) എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. 36 ആം മിനുട്ടിൽ ജെയിംസ് വാർഡ്-പ്രോസ് ആണ് വെസ്റ്റ് ഹാമിന്റെ ഗോൾ നേടിയത്. മാഞ്ചസ്റ്റർ സിറ്റിക്കായി അൽവാരസ് രണ്ടു അസിസ്റ്റുകൾ രേഖപ്പെടുത്തി ലീഗിൽ അഞ്ചു മത്സരങ്ങളുൽ നിന്നും അഞ്ചു വിജയം നേടിയ സിറ്റി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം എക്സ്ട്രാ ടൈമിൽ നേടിയ രണ്ടു ഗോളുകൾക്ക് ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. 73 ആം മിനുട്ടിൽ ഗുസ്താവോ ഹാമർ നേടിയ ഷെൽഫിൽഡ് വിജയത്തിലേക്ക് അടുക്കുമ്പോഴാണ് ടോട്ടൻഹാം ഇരട്ട ഗോളുകൾ നേടി മത്സരം തിരിച്ചു പിടിച്ചത്. ഇഞ്ചുറി ടൈമിന്റെ എട്ടാം മിനുട്ടിൽ റിചാലിസൺ നേടിയ ഗോളിൽ ടോട്ടൻഹാം സമനില പിടിച്ചു. തൊട്ടു പിന്നാലെ ഡെജൻ കുലുസെവ്സ്കി ടോട്ടറിൻഹാമിന്റെ വിജയ ഗോൾ നേടി. അഞ്ചു മത്സരങ്ങളിൽ നിന്നും നാല് ജയവുമായി ടോട്ടൻഹാം ലീഗിൽ രണ്ടാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ ലിവർപൂൾ വോൾവ്സിനെ അവരുടെ ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയെപ്പടുത്തി.ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലിവർപൂൾ മൂന്ന് ഗോളുകൾ മടക്കി വിജയം പിടിച്ചെടുത്തത്.ഏഴാം മിനിറ്റിൽ ലിവർപൂളിനെ ഞെട്ടിച്ച് വോൾവ്സ് ലീഡ് നേടി. ഹ്വാങ്ങാണ് വോൾവ്സിനായി വല കുലുക്കിയത്. 55 ആം മിനിറ്റിൽ കോഡി ഗാക്പോ ലിവർപൂളിന്റെ സമനില ഗോൾ നേടി.85 ആം മിനിറ്റിൽ ആൻഡി റോബർട്സൺ ലിവർപൂളിനെ മുന്നിൽ എത്തിച്ചു. സ്കോർ 2-1. ഇഞ്ചുറി ടൈമിൽ ബുവേനോയുടെ സെൽഫ് ഗോൾ സ്കോർ 3 -1 ആക്കി.