മെസ്സി മെസ്സി !! വമ്പൻ ജയത്തോടെ ലീഗ്‌സ് കപ്പ് സെമി ഫൈനലിലേക്ക് മുന്നേറി ഇന്റർ മയാമി |Lionel Messi

ഷാർലറ്റ് എഫ്‌സിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ലീഗ്‌സ് കപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറി ഇന്റർ മിയാമി. സൂപ്പർ താരം ലയണൽ മെസ്സി തുടർച്ചയായ അഞ്ചാം മത്സരത്തിലും ഗോൾ കണ്ടെത്തിയപ്പോൾ ഇന്റർ മയാമിയുടെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.മെസ്സിയുടെ വരവിനു ശേഷം കളിച്ച എല്ലാ മത്സരങ്ങളിലും ജയിക്കാൻ മയാമിക്കായിട്ടുണ്ട്.

ഇന്റർ മയാമിയുടെ DRV PNK സ്റ്റേഡിയത്തിൽ “മെസ്സി, മെസ്സി” ചാന്റുകളോടെയാണ് മത്സരം ആരംഭിച്ചത്. 12 ആം മിനുട്ടിൽ ഇന്റർ മയാമിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു.കഴിഞ്ഞ സീസണിലെ ടോപ് സ്‌കോററായിരുന്ന മിയാമി ഫോർവേഡ് ജോസെഫ് മാർട്ടിനെസ് പെനാൽറ്റി ഗോളാക്കി മാറ്റി ഇന്ററിനെ മുന്നിലെത്തിച്ചു.

മെസ്സി മാർട്ടിനെസിന്‌ പെനാൽറ്റി എടുക്കാൻ അനുവദിച്ചത് അദ്ദേഹത്തിന്റെ മനോവീര്യം വർദ്ധിപ്പിക്കും എന്നുറപ്പാണ്. 32 ആം മിനുട്ടിൽ ഇന്റർ മയാമി ലീഡ് ഉയർത്തി. ബോക്സിനു അരികിൽ നിന്നും യെഡ്‌ലിൻ കൊടുത്ത പാസ് മനോഹരമായ ഫിനിഷിംഗിലൂടെ റോബർട്ട് ടെയ്‌ലർ ഇന്ററിന്റെ രണ്ടാം ഗോൾ നേടി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മെസ്സിയുടെ മികവിൽ ലീഡ് വർധിപ്പിക്കാനുള്ള അവസരം മയാമിക്ക് ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.78 ആം മിനുട്ടിൽ ഷാർലറ്റ് താരത്തിന്റെ സെൽഫ് ഗോളിൽ മയാമി സ്കോർ 3 -0 ആക്കി ഉയർത്തി.87 ആം മിനുട്ടിൽ കാമ്പാനയുടെ പാസിൽ നിന്നും മികച്ചൊരു ഫിനിഷിംഗിലൂടെ മെസ്സി മയാമിയുടെ നാലാം ഗോൾ വിജയം ഉറപ്പിച്ചു.

Rate this post