മിച്ചൽ സ്റ്റാർക്ക് ഹാട്രിക്!! വാം-അപ്പ് പോരാട്ടത്തിൽ നെതർലാൻഡിനെതിരെ ഹാട്രിക്കുമായി ഓസ്‌ട്രേലിയൻ പേസർ|World Cup 2023

ഇന്ത്യൻ മണ്ണിൽ തങ്ങളുടെ പരിശീലന മത്സരത്തിൽ തന്നെ എല്ലാവരെയും ഞെട്ടിച്ച് ഓസ്ട്രേലിയൻ പേസർ മിച്ചർ സ്റ്റാർക്ക്. തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നെതർലൻസ് ടീമിനെതിരെ നടന്ന മത്സരത്തിൽ ഒരു തകർപ്പൻ ഹാട്രിക് ആണ് മിച്ചൽ സ്റ്റാർക്ക് സ്വന്തമാക്കിയത്.

ടൂർണമെന്റിലെ മറ്റു ടീമുകൾക്ക് വലിയ മുന്നറിയിപ്പ് തന്നെയാണ് മത്സരത്തിലെ പ്രകടനത്തിലൂടെ സ്റ്റാർക്ക് നൽകിയിരിക്കുന്നത്. മത്സരത്തിൽ 167 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലാൻഡ്സിനെ സ്റ്റാർക്ക് ഞെട്ടിച്ചു കൊണ്ടാണ് തുടങ്ങിയത്.

മത്സരത്തിന്റെ ആദ്യ ഓവറായിരുന്നു സ്റ്റാർക്ക് എറിഞ്ഞത്. ഓവറിലെ മൂന്നാം പന്തിൽ വിക്രം ജീത് സിംഗ് സ്റ്റാർക്കിനെതിരെ ഒരു ബൗണ്ടറി നേടുകയുണ്ടായി. എന്നാൽ അഞ്ചാം പന്തൽ നെതർലാൻഡ്സിന്റെ മറ്റൊരു ഓപ്പണർ ആയ മാക്സ് ഒഡോവ്ഡിനെ വിക്കറ്റിനു മുൻപിൽ കുരുക്കി സ്റ്റാർക്ക് സംഹാരം ആരംഭിച്ചു. ശേഷം തൊട്ടടുത്ത പന്തിൽ തന്നെ ബരേസിയെ ക്ലീൻ ബൗൾഡാക്കി സ്റ്റാർക്ക് തുടർച്ചയായി വിക്കറ്റുകൾ നേടുകയായിരുന്നു. പിന്നാലെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ ബാസ് ഡി ലിഡേയെ ബോൾഡാക്കി സ്റ്റാർക്ക് തന്റെ ഹാട്രിക് സ്വന്തമാക്കി. 3 ബാറ്റർമാരും ഒരു പന്ത് മാത്രം നേരിട്ട് റൺസ് ഒന്നും നേടാതെയാണ് കൂടാരം കയറിയത്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നുm മഴമൂലം 23 ഓവറുകളാക്കി മത്സരം ചുരുക്കിയിരുന്നു. ഓസ്ട്രേലിയക്കായി ഓപ്പണിങ് ഇറങ്ങിയ സ്റ്റീവ് സ്മിത്ത് 42 പന്തുകളിൽ 55 റൺസുമായി തിളങ്ങി. ഒപ്പം ക്യാമറോൺ ഗ്രീൻ 26 പന്തുകളിൽ 34 റൺസുമായി മികച്ച പ്രകടനം കാഴ്ചവച്ചു. ഇങ്ങനെ ഓസ്ട്രേലിയ നിശ്ചിത 23 ഓവറുകളിൽ 166 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലാൻഡ്സിന് വലിയ ഷോക്ക് തന്നെയാണ് സ്റ്റാർക്ക് നൽകിയത്.

Rate this post