‘തീപ്പൊരി ബൗളിങ്ങുമായി മുഹമ്മദ് സിറാജ്’ : ദക്ഷിണാഫ്രിക്കയെ 55 റൺസിന്‌ എറിഞ്ഞിട്ട് ഇന്ത്യ | SA vs IND, 2nd Test

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ തീപ്പൊരി ബൗളിങ്ങുമായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ആദ്യ ഇന്നിങ്സിൽ 55 റൺസിന്‌ ദക്ഷിണാഫ്രിക്ക പുറത്തായി. 6 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജാണ് സൗത്ത് ആഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്. ബുമ്രയും മുകേഷ് കുമാറും രണ്ടു വിക്കറ്റുകൾ വീതം നേടി.സൗത്ത് ആഫ്രിക്കൻ നിരയിൽ രണ്ടുപേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. കെയില്‍ വെരെയ്‌നയും (15) ഡേവിഡ് ബെഡിങ്ഹാമും (12) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്.

തന്റെ വിടവാങ്ങൽ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യാൻ ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗർ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റന്റെ പദ്ധതികൾ സിറാജ് തകർക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.രണ്ടു റൺസ് നേടിയ ഓപ്പണർ മർക്രത്തെ സിറാജ് സെക്കൻഡ് സ്ലിപ്പിൽ യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു.അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അവസാന റെഡ്-ബോൾ മത്സരം കളിക്കുന്ന എൽഗറിനെ സിറാജ് ക്‌ളീൻ ബൗൾഡ് ചെയ്തു. 4 റൺസ് മാത്രമാണ് ക്യാപ്റ്റന് നേടാനായത്.

ദക്ഷിണാഫ്രിക്ക 5.3 ഓവറിൽ 8/2 എന്ന നിലയിൽ തകർന്നു.കഴിഞ്ഞ രണ്ട് ദക്ഷിണാഫ്രിക്കൻ പര്യടനങ്ങളിലും എൽഗറായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ തടസ്സം. അദ്ദേഹത്തെ നേരത്തെ പുറത്താക്കിയതിൽ ഇന്ത്യൻ താരങ്ങൾ വലിയ രീതിയിൽ ആഘോഷിച്ചു. സ്കോർ 11 ൽ നിൽക്കെ അരങ്ങേറ്റക്കാരൻ ട്രിസ്റ്റൻ സ്റ്റബ്‌സിനെ ബുംറ പുറത്താക്കി.17 പന്തിൽ 2 റൺസെടുത്ത ടോണി ഡി സോർസിയെ സിറാജ് മടക്കി. 9.2 ഓവറിൽ 15/4 എന്ന നിലയിൽ ആതിഥേയർ തകർന്നു.സ്കോർ 34 ൽ നിൽക്കെ ഡേവിഡ് ബെഡിംഗ്ഹാമിനെ സിറാജ് പുറത്താക്കി.

ആ ഓവറിൽ തന്നെ ജാൻസനെയും പുറത്താക്കി സിറാജ് അഞ്ചാം വിക്കറ്റ് നേടി.കെയില്‍ വെരെയ്‌നെ പുറത്താക്കി സിറാജ് ആറാം വിക്കറ്റ് നേടി. പിന്നാലെ കേശവ് മഹാരാജിനെയും റബാഡയെയും മുകേഷ് കുമാർ പുറത്താക്കി.സ്കോർ 55 ൽ നിൽക്കേ ബർഗറിനെ ബുംറ പുറത്താക്കി.രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങിയത്. അശ്വിനെയും ശാര്‍ദുല്‍ ഠാക്കൂറിനെയും ഒഴിവാക്കി പകരം രവീന്ദ്ര ജഡേജയെയും മുകേഷ് കുമാറിനെയും ഉള്‍പ്പെടുത്തി. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സിന് പരാജയം വഴങ്ങിയിരുന്നു.

3/5 - (1 vote)