‘ആറുപേര്‍ പൂജ്യത്തിനു മടങ്ങി’ : സൗത്ത് ആഫ്രിക്കൻ പേസ് ബൗളിങ്ങിന് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ | SA vs IND

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 55 റൺസ് പിന്തുടർന്ന 153 റൺസിന്‌ ഇന്ത്യ ഓൾ ഔട്ടായി. 153 / 4 എന്ന നിലയിൽ നിന്നാണ് ഇന്ത്യൻ ബാറ്റിംഗ് തകർന്നടിഞ്ഞത്. 6 ഇന്ത്യൻ ബാറ്റർമാർ പൂജ്യത്തിനു പുറത്തായി. 46 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ദക്ഷിണാഫ്രിക്കക്ക് വേണ്ടി റബാഡ, ബർഗർ,എൻഗിഡി എന്നിവർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ 98 റൺസിന്റെ ലീഡാണുള്ളത്.

ദക്ഷിണാഫ്രിക്കയെ 55 റണ്‍സില്‍ ഓൾ ഔട്ടാക്കിയതിന്റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. മൂന്നാം ഓവറില്‍ സ്കോര്‍ ബോര്‍ഡില്‍ 17 റണ്‍സെത്തിയപ്പോഴേക്കും പൂജ്യനായി യശസ്വി ജയ്‌സ്വാള്‍ റബാഡയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായി. ഏഴ് പന്ത് നേരിട്ടെങ്കിലും ജയ്‌സ്വാളിന് റണ്ണൊന്നും നേടാനായില്ല.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തകര്‍ത്തടിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടന്നു. 50 പന്തില്‍ 39 റൺസ് നേടിയ രോഹിത് ശർമയെ നാന്ദ്രെ ബര്‍ഗറുടെ പന്തില്‍ ഗള്ളിയില്‍ മാര്‍ക്കോ യാന്‍സൻ പിടിച്ചു പുറത്താക്കി.കോലിയും ഗില്ലും ഒത്തുചേർന്ന് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോയതോടെ ഇന്ത്യൻ സ്കോർ 100 കടന്നു. എന്നാൽ സ്കോർ 105 ൽ നിൽക്കെ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി.55 പന്തില്‍ 36 റണ്‍സെടുത്ത ഗില്ലിനെയും നാന്ദ്രെ ബര്‍ഗറുടെ പന്തില്‍ മാര്‍ക്കോ യാന്‍സന്‍ പിടികൂടി.

അക്കൗണ്ട് തുറക്കും മുൻപേ ശ്രേയസ് അയ്യരെയും ബർഗർ പുറത്താക്കിയതോടെ ഇന്ത്യ വലിയ തകർച്ചയിലേക്ക് പോയി. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും കോലി മികച്ച ഷോട്ടുകളുമായി ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോയി. എന്നാൽ ലുങ്കി എൻഗിഡി എറിഞ്ഞ 34ആം ഓവറിൽ മൂന്നു വിക്കറ്റുകളാണ്‌ ഇന്ത്യക്ക് നഷ്ടമായത്. രാഹുൽ (8 ), ജഡേജ (0 ), ബുംറ (0 ) എന്നിവരെ നഷ്ടമായതോടെ ഇന്ത്യ 153 / 7 എന്ന നിലയിലായി. തൊട്ടടുത്ത ഓവറിൽ 46 റൺസ് നേടിയ കോലിയെ റബാഡ പുറത്താക്കി. ആ ഓവറിൽ തന്നെ സിറാജ് റൺസ് ഔട്ടായി. തൊട്ടടുത്ത പന്തിൽ പ്രസീദ് കൃഷണയെ റബാഡ പുറത്താക്കിയതോടെ ഇന്ത്യ 153 റൺസിന്‌ ഓൾ ഔട്ടായി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ 23.2 ഓവറില്‍ 55 റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു. 15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുകേഷ് കുമാറും ജസ്പ്രീത് ബുമ്രയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.സൗത്ത് ആഫ്രിക്കൻ നിരയിൽ രണ്ടുപേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. കെയില്‍ വെരെയ്‌നയും (15) ഡേവിഡ് ബെഡിങ്ഹാമും (12) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്.

Rate this post