‘ഒരു സ്വപ്നം പോലെ തോന്നുന്നു’ : ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിൽ 6 വിക്കറ്റ് നേട്ടത്തിന് ശേഷം മുഹമ്മദ് സിറാജ്

ശ്രീലങ്കയെ പത്തു വിക്കറ്റിന് പരാജയപെടുത്തി ഏഷ്യ കപ്പ് കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ.ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് നേട്ടമാണിത്. പത്തു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീ ലങ്ക വെറും 15.2 ഓവറില്‍ 50 റണ്‍സില്‍ ഓള്‍ ഔട്ട് ആയി . ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ ഇന്ത്യ വെറും 6.1 ഓവറില്‍ കുറഞ്ഞ ലക്ഷ്യം അതിവേഗം മറികടന്നു. 21 റൺസ് വിട്ടുകൊടുത്ത് ആറു വിക്കറ്റ് വീഴ്ത്തിയ സിറാജിന്റെ മാരക ബൗളിങ്ങിന് മുന്നിലാണ് ശ്രീലങ്ക തകർന്നടിഞ്ഞത്.ലസിത് മലിംഗയ്ക്കും ചാമിന്ദ വാസിനും ശേഷം ഏകദിന ചരിത്രത്തിൽ ഒരേ ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറായി സിറാജ് മാറി.ഏഷ്യാ കപ്പിൽ ആറ് വിക്കറ്റ് വീഴ്ത്തിയ മറ്റൊരു ബൗളറാണ് അജന്ത മെൻഡിസ്.

“ഒരു സ്വപ്നം പോലെ തോന്നുന്നു. കഴിഞ്ഞ തവണ ശ്രീലങ്കയ്‌ക്കെതിരെ തിരുവനന്തപുരത്ത് ഞാൻ ഇത് തന്നെയാണ് ചെയ്തത്. നേരത്തെ നാല് വിക്കറ്റ് നേടിയെങ്കിലും അഞ്ച് വിക്കറ്റ് വീഴ്ത്താനായില്ല.നിങ്ങളുടെ വിധിയിൽ ഉള്ളത് മാത്രമേ ലഭിക്കുവെന്നു തിരിച്ചറിഞ്ഞു,” സിറാജ് പറഞ്ഞു.

കാര്യങ്ങൾ സിമ്പിൾ ആക്കി ബാറ്റർമാരെ തെറ്റായ ഷോട്ടുകൾ കളിക്കാൻ പ്രേരിപ്പിച്ചുവെന്ന് സിറാജ് പറഞ്ഞു.സിറാജിന്റെ സ്പെല്ലിന് ശേഷം, ഹാർദിക് പാണ്ഡ്യയാണ് വാലറ്റത്തെ ചുരുട്ടികൂട്ടിയത്.ദുനിത് വെല്ലലഗെ, പ്രമോദ് മധുഷൻ, മതീഷ പതിരണ എന്നിവരുടെ അവസാന മൂന്ന് വിക്കറ്റുകളാണ് പാണ്ഡ്യ വീഴ്ത്തിയത്.

‘ഇന്ത്യയുടെ നീല ജേഴ്സി ധരിക്കുന്നതിനേക്കാൾ വലിയ ബഹുമാനം മറ്റൊന്നില്ല, ഇന്നത്തെ പോലെയുള്ള പ്രകടനങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു. മണിക്കൂറുകളുടെ പരിശീലനവും കഠിനാധ്വാനവും ഫലം കാണിക്കുന്നതിൽ സന്തോഷമുണ്ട്, പക്ഷേ എനിക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ജോലി തുടരാനും നമ്മുടെ രാജ്യത്തെ അഭിമാനകരമാക്കാനും ഞാൻ ലക്ഷ്യമിടുന്നു! നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’ മത്സര ശേഷം സിറാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

മത്സര ശേഷം മാൻ ഓഫ് ദി മാച്ച് അവാർഡ് കിട്ടിയ തുക ശ്രീലങ്കയിലെ ഗ്രൗണ്ട്സ്മാൻമാർക്ക് സിറാജ് സംഭാവന ചെയ്യുന്നതായി പറയുകയും ചെയ്തു.അവരില്ലാതെ ഈ ടൂര്‍ണമെന്റ് മുന്നോട്ട് പോവില്ലായിരുന്നുവെന്ന് സിറാജ് മത്സരശേഷം പറഞ്ഞു. സിറാജിന് പുറമെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് 50000 ഡോളര്‍ നല്‍കിയിരുന്നു.മാൻ ഓഫ് ദി മാച്ച് പുരസ്‌കാരത്തിലൂടെ സിറാജിന് ലഭിച്ച 5000 ഡോളര്‍ അദ്ദേഹം ശ്രീലങ്കന്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് സമ്മാനിച്ചു.

4.6/5 - (17 votes)