ഒലി പോപ്പിന് ഇരട്ട സെഞ്ച്വറി നഷ്ടമായി , ഇന്ത്യക്ക് മുന്നിൽ 231 റൺസ് വിജയ ലക്ഷ്യവുമായി ഇംഗ്ലണ്ട് |IND vs ENG

ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് 231 റൺസ് വിജയ ലക്‌ഷ്യം വെച്ച് ഇംഗ്ലണ്ട്. ഒലി പോപ്പിന്റെ 196 റൺസിന്റെ മികവിലാണ് ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക് എത്തിയത്. ഇംഗ്ലണ്ട് ഇന്നിംഗ്സ് 420 റൺസിന്‌ അവസാനിച്ചു. 278 പന്തിൽ നിന്നും 21 ബൗണ്ടറികളോടെയാണ് പോപ്പ് 196 റൺസ് നേടിയത്. ഇന്ത്യക്കായി ബുംറ നാലും അശ്വിൻ മൂന്നും വിക്കറ്റ് വീഴ്ത്തി.

6 വിക്കറ്റിന് 316 എന്ന നിലയിൽ നിന്നും നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 339 ൽ നിൽക്കെ ഏഴാം വിക്കറ്റ് നഷ്ടമായി. 53 പന്തിൽ നിന്നും 28 റൺസ് നേടിയ രെഹാൻ അഹ്മദിനെ ബുംറ പുറത്താക്കി. പോപ്പും -റെഹാനും ചേർന്ന് ഏഴാം വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്തു. ഒന്പതാമനായി ഇറങ്ങിയ ഹാർട്ട്ലിയെ കൂട്ടുപിടിച്ച് പോപ്പ് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോവുകയും ലീഡ് 200 കടത്തുകയും ചെയ്തു. ഇരുവരും തമ്മിൽ 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.

അതിനിടയിൽ സിറാജിന്റെ പന്തിൽ പോപ്പിന്റെ ക്യാച്ച് സ്ലിപ്പിൽ രാഹുൽ വിട്ടു കളയുകയും ചെയ്തു.ഈ ഇന്നിംഗ്‌സിൽ ഇത് രണ്ടാം തവണയാണ് പോപ്പിനെ ഇന്ത്യൻ ഫീൽഡർമാർ വിട്ടു കളയുന്നത്.നേരത്തെ അക്സർ പട്ടേൽ പോപ്പിന്റെ ക്യാച്ച് നഷ്ടപെടുത്തിയിരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും പോപ്പ് -ടോം ഹാർട്ട്ലി കൂട്ടുകെട്ട് പൊളിക്കാൻ സാധിച്ചില്ല. ഇംഗ്ലണ്ട് 7 വിക്കറ്റിന് 419 റൺസ് എന്ന നിലയിൽ എത്തിയപ്പോൾ 34 റൺസ് നേടിയ ടോം ഹാർട്ട്ലിയെ അശ്വിൻ ക്ലീൻ ബൗൾഡ് ചെയ്തു.ഐഎസ് താരങ്ങളും എട്ടാം വിക്കറ്റിൽ 80 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി.പിന്നാലെ വുഡിനെ ജഡേജ പൂജ്യത്തിനു പുറത്താക്കി.196 റൺസ് നേടിയ പോപ്പിനെ ബുംറ ക്‌ളീൻ ബൗൾഡ് ചെയ്തതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് 420 നു അവസാനിച്ചു.

190 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ സ്കോർ 42 ൽ നിൽക്കെ 33 പന്തിൽ നിന്നും 31 റൺസ് നേടിയ സാക് ക്രോളിയെ അശ്വിൻ പുറത്താക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ബെൻ ഡക്കറ്റ് ഒല്ലി പോപ്പ് സഖ്യം ഇംഗ്ലണ്ട് ഇന്നിങ്സ് മുന്നോട്ട് കൊണ്ട് പോയി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്തു. 52 പന്തിൽ നിന്നും 47 റൺസ് നേടിയ ഡക്കറ്റിനെ ബുംറ ക്‌ളീൻ ബൗൾഡ് ചെയ്തു.

തൊട്ടു പിന്നാലെ രണ്ടു റൺസ് നേടിയ റൂട്ടിനെയും ബുംറ പുറത്താക്കി ഇംഗ്ലണ്ടിനെ സമമർദ്ദത്തിലാക്കി. 10 റൺസ് എടുത്ത ബെയർസ്റ്റോവിനെ ജഡേജ പുറത്താക്കി. സ്കോർ 163 ൽ നിൽക്കെ 6 റൺസ് നേടിയ സ്റ്റോക്സിനെ അശ്വിൻ ക്ലീൻ ബൗൾഡ് ആക്കി. ഏഴാം വിക്കറ്റിൽ ബെൻ ഫോക്സിനെ കൂട്ടുപിടിച്ച് ഒലി പോപ്പ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചു. ഒലി പോപ്പ് സെഞ്ച്വറി തികക്കുകയും ചെയ്തു,157 പന്തിലാണ് പോപ്പിന്‍റെ സെഞ്ച്വറി.

ഒരു ഘട്ടത്തില്‍ ഇന്നിംഗ്‌സ് തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന ഇംഗ്ലണ്ടിനെ പോപ്പിന്‍റെ ചെറുത്തുനില്‍പ്പാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.ടെസ്റ്റില്‍ നാലാം സെഞ്ച്വറിയാണ് പോപ് ഹൈദരാബാദില്‍ നേടിയത്. സ്കോർ 275 ൽ നിൽക്കെ ഇംഗ്ലണ്ടിന് 25 റൺസ് നേടിയ ഫോക്സിനെ നഷ്ടപ്പെട്ടു. ഇരുവരും 115 റൺസിന്റെ കൂട്ടുകെട്ട് പടുതിയർത്തിയിരുന്നു.മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ പോപ്പും രേഹനുമായിരുന്നു ക്രീസിൽ.

5/5 - (1 vote)