പാകിസ്താനെതിരെയുള്ള സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കറുടെ ലോകകപ്പ് റെക്കോർഡ് തകർത്ത് രച്ചിൻ രവീന്ദ്ര|Rachin Ravindra

ന്യൂസിലൻഡ് ഓൾറൗണ്ടർ രച്ചിൻ രവീന്ദ്ര 2023 ലോകകപ്പിലെ തന്റെ മിന്നുന്ന ഫോം തുടർന്നു കൊണ്ടിരിക്കുകയാണ്.ബാംഗ്ലൂരിൽ പാകിസ്ഥാനെതിരെ മത്സരത്തിൽ സെഞ്ച്വറി നേടി.ഏകദിന ലോകകപ്പിൽ മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ കിവീസ് താരമായി രച്ചിൻ രവീന്ദ്ര മാറിയിരിക്കുകയാണ്, വേൾഡ് കപ്പിൽ 500 റൺസ് പിന്നിടുകയും ചെയ്തു.

ഡെവൺ കോൺവെയ്‌ക്കൊപ്പം രവീന്ദ്ര ഓപ്പണിംഗ് വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്തു.പിന്നീട് രണ്ടാം വിക്കറ്റിൽ കെയ്ൻ വില്യംസണുമായി ചേർന്ന് 180 റൺസിന്റെ കൂട്ടുകെട്ടാണ് ഈ യുവതാരം നേടിയത്.രവീന്ദ്ര 93 പന്തിൽ 15 ഫോറും ഒരു സിക്‌സും സഹിതം 108 റൺസ് നേടി.എട്ട് മത്സരങ്ങളിൽ നിന്ന് 74.71 എന്ന ശ്രദ്ധേയമായ ശരാശരിയിൽ 523 റൺസാണ് രവീന്ദ്ര നേടിയത്.545 റൺസെടുത്ത ക്വിന്റൺ ഡി കോക്കിന് മാത്രമാണ് ന്യൂസിലൻഡ് താരത്തിന് മുന്നിലുള്ളത്.

വേൾഡ് കപ്പിൽ 500 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ന്യൂസിലൻഡ് താരമായി രവീന്ദ്ര.ഇക്കാര്യത്തിൽ വില്യംസണും (2019-ൽ 578), മാർട്ടിൻ ഗപ്ടിലിനും (2015-ൽ 547) ഒപ്പം ചേർന്നു. 2007 ലെ ഇവന്റിൽ സ്‌റ്റൈറിസിന്റെ 499 റൺസ് മറികടക്കുകയും ചെയ്തു.ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോ (2019-ൽ 532) ആണ് തന്റെ അരങ്ങേറ്റ ലോകകപ്പിൽ 500-ലധികം റൺസ് നേടിയ ഏക ബാറ്റർ.ഇംഗ്ലണ്ടിനെതിരെ മത്സരത്തിൽ 23 വർഷവും 321 ദിവസവും പ്രായമുള്ള രവീന്ദ്ര വേൾഡ് കപ്പിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ന്യൂസിലൻഡ് കളിക്കാരനായി.ആസ്റ്റലിന്റെ റെക്കോർഡാണ് അദ്ദേഹം തകർത്തത്.

ഇന്നത്തെ സെഞ്ചുറിയോടെ 25 വയസ്സ് തികയുന്നതിന് മുമ്പ് ഏറ്റവും കൂടുതൽ ലോകകപ്പ് സെഞ്ചുറികളുടെ പട്ടികയിൽ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറെ മറികടന്നു.സച്ചിൻ രണ്ട് സെഞ്ച്വറി നേടിയപ്പോൾ മൂന്ന് സെഞ്ച്വറിയാണ് റാച്ചിൻ തന്റെ കരിയറിൽ നേടിയത്.ഈ വർഷം മാർച്ചിൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച രച്ചിൻ 20 ഏകദിനങ്ങളിൽ നിന്ന് 47.46 ശരാശരിയിൽ 712 റൺസാണ് നേടിയത്.47.93 ശരാശരിയിൽ 15 ഏകദിന വിക്കറ്റുകൾ 23-കാരൻ നേടിയിട്ടുണ്ട്.

Rate this post