‘ഇന്ത്യൻ ക്രിക്കറ്റിന് സവിശേഷമായ സംഭാവനകള്‍ നൽകാൻ കഴിവുള്ള താരമാണ് റിയാൻ പരാഗ്’ : സഞ്ജു സാംസൺ | IPL 2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 12 റൺസിന്റ തകർപ്പൻ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.റോയല്‍സ് ഉയര്‍ത്തിയ 186 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ക്യാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. റോയല്‍സിന്റെ തുടര്‍ച്ചയായ രണ്ടാം വിജയവും ക്യാപിറ്റല്‍സിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയവുമാണിത്.

അര്‍ദ്ധസെഞ്ച്വറി നേടിയ റിയാന്‍ പരാഗിന്റെ നിര്‍ണായക പ്രകടനമാണ് രാജസ്ഥാനെ മികച്ച സ്കോറിലും വിജയത്തിലെത്തും എത്തിച്ചത്. പരാഗ് 45 പന്തില്‍ പുറത്താകാതെ 84 റണ്‍സെടുത്തു. ഐപിഎല്ലിലെ പരാഗിൻ്റെ ഏറ്റവും ഉയർന്ന സ്‌കോറായിരുന്നു ഇത്, ഐപിഎൽ 2024-ലെ മികച്ച രണ്ട് റൺസ് സ്‌കോറർമാരിലേക്ക് അദ്ദേഹത്തെ എത്തിച്ചു.കഴിഞ്ഞ സീസണുകളില്‍ മോശം ബാറ്റിങ് പ്രകടനത്തിന്‍റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന പരാഗ് ഈ സീസണിൽ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 29 പന്തില്‍ 43 റണ്‍സാണ് പരാഗ് അടിച്ചെടുത്തത്.രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ജയ്പൂരിലെ പരാഗിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി.ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിന് വളരെ സവിശേഷമായ എന്തെങ്കിലും നൽകാൻ താരത്തിന് കഴിയുമെന്നും സഞ്ജു പറഞ്ഞു.

‘കഴിഞ്ഞ നാല് അഞ്ച് വര്‍ഷങ്ങളായി ഐപിഎല്‍ വരുമ്പോഴുള്ള പ്രധാനപ്പെട്ട ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ് റിയാൻ പരാഗ്. എപ്പോഴൊക്കെ ഞാൻ കേരളത്തിലേക്ക് ചെന്നാലും പലരും പരാഗിനെ കുറിച്ച് എന്നോട് സംസാരിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അവൻ ടീമിനായി മികച്ച രീതിയില്‍ കളിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്.സീസണ്‍ തുടങ്ങിയിട്ടാണുള്ളത്. വരും മത്സരങ്ങളിലും അവൻ ഇതേ ഫോമില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിനായി സവിശേഷമായ പല കാര്യങ്ങളും ചെയ്യാൻ കഴിവുള്ള ഒരു താരമാണ് പരാഗ്”സഞ്ജു പറഞ്ഞു.

Rate this post