‘മത്സരം വിജയിച്ചതിന്റെ ക്രെഡിറ്റ്‌ ഹൈദരാബാദ് ബോളർമാർക്ക്’ : തോൽവിയിലും ഹൈദരാബാദിൻ്റെ ബൗളർമാരെ പ്രശംസിച്ച് സഞ്ജു സാംസൺ |Sanju Samson

ഇന്നലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2024 മത്സരത്തിൽ ടേബിൾ ടോപ്പർമാരായ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി അവസാന പന്തിൽ ആവേശകരമായ വിജയം നേടി.അവസാന ഓവറിൽ രാജസ്ഥാന് വിജയിക്കാൻ 13 റൺസ് വേണ്ടിയിരിക്കെ 11 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്.

മത്സരത്തിൻ്റെ അവസാന പന്തിൽ രണ്ട് റൺസ് വേണ്ടിയിരിക്കെ, അവസാന പന്തിൽ അപകടകാരിയായ റോവ്മാൻ പവലിനെ എൽബിഡബ്ല്യൂവിൽ കുടുക്കി ഭുവനേശ്വർ ഹൈദരാബാദിന് നാടകീയ വിജയം നേടിക്കൊടുത്തു.തോൽവിയിലും സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ബൗളർമാരെ പ്രശംസിചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ.

“ഈ സീസണിൽ വളരെ ക്ലോസായ കുറച്ചു മത്സരങ്ങൾ ഞങ്ങൾ കളിക്കുകയുണ്ടായി. കുറച്ചു മത്സരങ്ങളിൽ ഞങ്ങൾക്ക് വിജയിക്കാനും സാധിച്ചു. എന്നാൽ ഇന്ന് ഞങ്ങൾ പരാജയപ്പെട്ടു. ഹൈദരാബാദിന്റെ ബോളർമാർക്കാണ് ഞാൻ പൂർണമായ ക്രെഡിറ്റ് നൽകുന്നത്. അവിസ്മരണീയമായ രീതിയിലാണ് അവർ തിരിച്ചുവന്നു പോരാടിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെറിയ തെറ്റുകൾക്ക് പോലും വലിയ വില കൊടുക്കേണ്ടിവരും” സഞ്ജു പറഞ്ഞു.

“മത്സരം അവസാനിക്കുന്നത് വരെ ആഘോഷിക്കാനേ പാടില്ല.പുതിയ പന്തിനെതിരെ ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു,ബോൾ പഴയതായതിനു ശേഷം ബാറ്റിംഗ് അനായാസമായി മാറി. ഞങ്ങളുടെ യുവതാരങ്ങൾക്കാണ് പൂർണ്ണമായ ക്രെഡിറ്റ് നൽകുന്നത്. ജയസ്വാളും പരാഗും മികച്ച പ്രകടനം കാഴ്ചവച്ചു. ഞാനും ബട്ലറും പവർപ്ലെയിൽ തന്നെ പുറത്തായിരുന്നു. അവിടെ നിന്ന് ഞങ്ങൾക്കായി ജയസ്വാളും പരാഗും മികച്ച രീതിയിൽ കളിച്ചു ”സഞ്ജു പറഞ്ഞു.ഈ വിജയത്തോടെ പോയിൻ്റ് പട്ടികയിൽ ഹൈദരബാദ് നാലാം സ്ഥാനത്തേക്ക് ഉയർന്നു.SRH ന് 10 മത്സരങ്ങളിൽ നിന്ന് 6 വിജയങ്ങളും 4 തോൽവികളും അടക്കം 12 പോയിൻ്റ് ഉണ്ട്.

5/5 - (1 vote)