ആർസിബിക്കെതിരെ രാജസ്ഥാൻ റോയൽസിന് ജയിക്കാൻ വേണ്ടത് 173 റൺസ് | IPL2024

ആർസിബിക്കെതിരെ ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് ജയിക്കാൻ വേണ്ടത് 173 റൺസ്. നിശ്ചിത 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ആർസിബി നേടിയത്. 34 റൺസ് നേടിയ രജത് പാട്ടിദാറാണ് ബെംഗളുരുവിന്റെ ടോപ് സ്‌കോറർ. വിരാട് കോലി 33 ഉം ലോംറോർ 32 റൺസും നേടി. റോയൽസിനായി ആവേശ് ഖാൻ മൂന്നു വിക്കറ്റ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് മന്ദഗതിയിലുള്ള തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ വിരാട് കോലിയും ഡു പ്ലെസിസും പവർ പ്ലെയിൽ റൺസ് കണ്ടെത്താൻ വിഷമിച്ചു. അഞ്ചാം ഓവറിൽ സ്കോർ 37 ൽ നിൽക്കെ ബെംഗളുവിന്‌ ആദ്യ വിക്കറ്റ് നഷ്ടമായി. 14 പന്തിൽ നിന്നും 17 റൺസ് നേടിയ ഡു പ്ലെസിസിനെ ട്രെന്റ് ബോൾട്ട് പുറത്താക്കി. എട്ടാം ഓവറിൽ സ്കോർ 56 ൽ നിൽക്കെ 24 പന്തിൽ നിന്നും 33 റൺസ് നേടിയ വിരാട് കോലിയെ ചാഹൽ പുറത്താക്കി.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഗ്രീനും പാട്ടിദാറും റൺ റേറ്റ് ഉയർത്താനുള്ള ശ്രമം ആരംഭിച്ചു. സ്കോർ 97 ൽ നിൽക്കെ ബെംഗളുരുവിന് മൂന്നാം വിക്കറ്റ് നഷ്ടമായി. 21 പന്തിൽ നിന്നും 27 റൺസ് നേടിയ ഗ്രീനിനെ അശ്വിൻ പുറത്താക്കി. തൊട്ടടുത്ത പന്തിൽ ഗ്ലെൻ മാക്സ്വെല്ലിനെ അശ്വിൻ പൂജ്യത്തിന് പുറത്താക്കി. നാല് വിക്കറ്റ് വീണതോടെ ആർസിബി സമമർദ്ദത്തിലായി.

സ്കോർ 122 ൽ നിൽക്കെ ആർസിബിക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. 22 പന്തിൽ നിന്നും 34 റൺസ് നേടിയ പാട്ടിദാറിനെ ആവേശ് ഖാൻ പുറത്താക്കി. തൊട്ടടുത്ത പന്തിൽ ദിനേശ് കാർത്തിക് റിവ്യൂയിൽ രക്ഷപെട്ടു. ദിനേശ് കർത്തികും ലോംറോറും ചേർന്ന് 18 ആം ഓവറിൽ സ്കോർ 150 കടത്തി. 19 ആം ഓവറിൽ 11 റൺസ് നേടിയ കാർത്തികിനെ ആവേശ് ഖാൻ പുറത്താക്കി. ആ ഓവറിൽ തന്നെ സ്കോർ 159 ൽ നിൽക്കെ 32 റൺസ് നേടിയ ലോംറോറുടെ വിക്കറ്റും ആർസിബിക്ക് നഷ്ടമായി.

Rate this post