ചേതേശ്വര് പൂജാര അല്ല !! ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോലിക്ക് പകരം രജത് പാട്ടീദാറിനെ ഉൾപ്പെടുത്തി | IND vs ENG

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ രജത് പാട്ടീദാറിനെ ഉൾപ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി ഒഴിവായതിനാലാണ് 30 കാരനായ മധ്യപ്രദേശ് ബാറ്ററെ ടീമിലേക്ക് തെരഞ്ഞെടുത്തത്. ഇതോടെ വിരാട് കോഹ്‌ലിയുടെ പകരക്കാരനെക്കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങളും ഇതോടെ അവസാനിച്ചു.പരിചയ സമ്പന്നരായ ചേതേശ്വര് പൂജാര, യുവതാരങ്ങളായ പട്ടീദാർ, സർഫറാസ് ഖാൻ, റിങ്കു സിംഗ് എന്നിവർ തമ്മിലായിരുന്നു ടീമിലെ സ്ഥാനത്തിനായുള്ള മത്സരം.

കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ 151 റൺസ് നേടിയ പാട്ടിദാർ മികച്ച ഫോമിലാണ്. ലയൺസിനെതിരായ സന്നാഹ മത്സരത്തിൽ 111 റൺസ് നേടിയ അദ്ദേഹം കഴിഞ്ഞ വർഷം അവസാനം എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിലും ഇടം പിടിച്ചിരുന്നു.രഞ്ജി ട്രോഫിയിൽ ഡബിൾ സെഞ്ച്വറിയുമായി തുടങ്ങിയ ചേതേശ്വര് പൂജാരയെ ഒഴിവാക്കിയാണ് പാട്ടിദാറിനെ ടീമിലെടുത്തത്.പാട്ടിദാർ ദേശീയ ടീമിൽ എത്തിയതോടെ റിങ്കു സിംഗിനെ ഇന്ത്യൻ എ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

മധ്യനിരയിൽ ശ്രേയസ് അയ്യരും കെ എൽ രാഹുലും ബാറ്റ് ചെയ്യാൻ തയ്യാറെടുക്കുന്നതിനാൽ ആദ്യ മത്സരത്തിൽ പാട്ടിദാറിന് ടെസ്റ്റ് ക്യാപ് ലഭിക്കാൻ സാധ്യതയില്ല. പൂജാര-രഹാനെ എന്നി വെറ്ററൻ താരങ്ങളിലേക്ക് തിരിച്ചുപോവാൻ സെലക്ഷൻ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ആഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനയാണ് പാട്ടിദാറിന്റെ സെലെക്ഷൻ.കഴിഞ്ഞ മൂന്ന് സീസണുകളിൽ ആഭ്യന്തര സർക്യൂട്ടിലെ ഏറ്റവും പ്രഗത്ഭനായ റെഡ്-ബോൾ ബാറ്ററായ സർഫറാസിന് തന്റെ കന്നി കോളിനായി ഇനിയും കാത്തിരിക്കേണ്ടി വരും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാർലിൽ നടന്ന മൂന്നാം ഏകദിനത്തിൽ അരങ്ങേറ്റംകുറിച്ച പാട്ടിദാർ 22 റൺസ് നേടി.കഴിഞ്ഞ വർഷം വിജയ് ഹസാരെ ട്രോഫിയിൽ മധ്യനിരയിൽ ബാറ്റ് ചെയ്ത പാട്ടിദാർ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 52.50 ശരാശരിയിലും 104.30 സ്‌ട്രൈക്ക് റേറ്റിലും 315 റൺസ് നേടിയിരുന്നു.55 മത്സരങ്ങളിൽ നിന്ന് 46 എന്ന ഫസ്റ്റ് ക്ലാസ് ശരാശരിയും താരത്തിനുണ്ട്.