‘ബാബർ അസമിന് സമ്മർദ്ദം താങ്ങാനാവുന്നില്ല, വിരാട്, രോഹിത് എന്നിവരിൽ നിന്ന് പഠിക്കേണ്ടതുണ്ട്’ : പാക് ക്യാപ്റ്റനെതിരെ വിമർശനവുമായി റാഷിദ് ലത്തീഫ് | T20 World Cup 2024

ബാബർ അസമിന് സമ്മർദ്ദ സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലെന്നും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച നേതാക്കളിലൊരാളാകാൻ അദ്ദേഹം പക്വത നേടേണ്ടതുണ്ടെന്നും മുൻ പാകിസ്ഥാൻ നായകൻ റാഷിദ് ലത്തീഫ് പറഞ്ഞു.ഞായറാഴ്ച ന്യൂയോർക്കിൽ നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യ വിജയിക്കുമെന്ന് ലത്തീഫ് പറഞ്ഞു. ഇന്ത്യ ബാലൻസ് ആയ ടീമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാബർ കടുത്ത സമ്മർദ്ദത്തിലായിരിക്കുമെന്നും ഇന്ത്യൻ നായകൻ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ കളിക്കാരിൽ നിന്ന് പഠിക്കണമെന്നും ലത്തീഫ് വെളിപ്പെടുത്തി.”ലോകകപ്പിൽ പ്രകടനം നടത്തുന്നതിനേക്കാൾ ഇന്ത്യയ്‌ക്കെതിരായ കളി കാരണം ബാബർ വളരെയധികം സമ്മർദ്ദത്തിലാകും. എന്നാൽ സമ്മർദ്ദം വഹിക്കാൻ അദ്ദേഹം പഠിക്കണം, അത് വിരാടിൽ നിന്നും രോഹിതിൽ നിന്നും പഠിക്കണം. കളി എങ്ങനെ കൊണ്ടുപോകണമെന്ന് അവർക്ക് അറിയാം.ബാബർ ബാറ്ററായി മികച്ചവരിൽ ഒരാളാണ്, എന്നാൽ ഒരു ക്യാപ്റ്റനെന്ന നിലയിലും നേതാവെന്ന നിലയിലും അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്,” ലത്തീഫ് പറഞ്ഞു.

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇന്ത്യൻ സ്പിന്നർമാരെ പ്രശംസിക്കുകയും ബാബർ അസമിൻ്റെ നേതൃത്വത്തിലുള്ള ടീമിനെതിരായ പോരാട്ടത്തിൽ കുൽദീപ് യാദവിന് സ്വാധീനം ചെലുത്താൻ കഴിയുമെന്നും പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന ടൂർണമെൻ്റിനായുള്ള പാകിസ്താന്റെ തയ്യാറെടുപ്പിനെ അദ്ദേഹം ചോദ്യം ചെയ്യുകയും 2021, 2022 പതിപ്പുകളിലെ അവരുടെ മിന്നുന്ന പ്രകടനങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തു.

“പാകിസ്ഥാൻ ടീം ഐസിസി ടൂർണമെൻ്റുകളിൽ നന്നായി കളിക്കുന്നു, പക്ഷേ ടീം 2021-ലും 2022-ലും ഉള്ളതുപോലെ തയ്യാറെടുക്കുന്നതായി കാണുന്നില്ല. കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ക്യാപ്റ്റൻസി, സെലക്ഷൻ കമ്മിറ്റി, കളിക്കാർ എന്നിവയിലെ മാറ്റങ്ങളോടെയാണ് കേടുപാടുകൾ സംഭവിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post