യുവരാജ് സിങ്ങിന് ശേഷം ലോകകപ്പിൽ ഈ നേട്ടം സ്വന്തമാക്കുന്ന താരമായി രവീന്ദ്ര ജഡേജ |World Cup 2023

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന 2023 ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ എട്ടാം മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. രവീന്ദ്ര ജഡേജയുടെ മിന്നുന്ന ബൗളിംഗാണ് ഇന്ത്യക്ക് വിജയം അനായാസമാക്കികൊടുത്തത്.34-കാരൻ ഒമ്പത് ഓവറിൽ 33 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി, യുവരാജ് സിംഗിന് ശേഷം ഏകദിന ലോകകപ്പ് മത്സരങ്ങളിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ സ്പിന്നറായി.

2011 ലോകകപ്പില്‍ അയര്‍ലണ്ടിനെതിരെയായിരുന്നു യുവരാജിന്റെ നേട്ടം. 2011 മാര്‍ച്ച് ആറിന് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 31 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു താരത്തിന്റെ നേട്ടം. ഏകദിന ലോകകപ്പില്‍ അഞ്ച് വിക്കറ്റ് നേട്ടം കുറിക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ്. ഇന്നലെ നടന്ന മത്സരത്തിൽ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 243 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്തു, വിരാട് കോഹ്‌ലിയുടെ 49-ാം ഏകദിന സെഞ്ചുറിയുടെയും ശ്രേയസ് അയ്യരുടെ 77-ന്റെയും പിൻബലത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് ആണ് ഇന്ത്യ നേടിയത്.

മറുപടി ബാറ്റിങ്ങിൽ സൗത്ത് ആഫ്രിക്ക 27.1 ഓവറിൽ 83 റൺസിന് ഓൾഔട്ടായി.രവീന്ദ്ര ജഡേജ ഒമ്പത് ഓവറിൽ 33 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി, രണ്ട് ബാറ്റർമാരെ വീതം കുൽദീപ് യാദവും മുഹമ്മദ് ഷമിയും പുറത്താക്കി. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ നേടിയ ഷമി, 2023 ഏകദിന ലോകകപ്പിൽ മെൻ ഇൻ ബ്ലൂ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായി മാറിയിരിക്കുകയാണ്.

ബൗളിങ്ങിന് പുറമെ, ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ജഡേജ വെറും 15 പന്തിൽ ഇന്ത്യക്കായി 29 റൺസ് നേടി. അവസാന അഞ്ച് ഓവറിൽ കോഹ്‌ലിയ്‌ക്കൊപ്പം പുറത്താകാതെ നേടിയ 41 റൺസാണ് ഇന്ത്യ 326 റൺസ് എടുക്കാൻ സഹായിച്ചത്.

Rate this post