വിനീഷ്യസിന്റെ ഇരട്ട ഗോളിൽ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ് : മാഞ്ചസ്റ്റർ സിറ്റി സെമിയിൽ : വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്
ലാ ലീഗയിൽ തകർപ്പൻ ജയം സ്വന്തമാക്കി ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡ് . ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഒസാസുനയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തി. റയലിനായി വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകൾ നേടി. 29 മത്സരങ്ങളിൽ നിന്നും 72 പോയിന്റ് നേടിയ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായ ജിറോണയെക്കാൾ പത്ത് പോയിന്റ് മുന്നിലാണ്.ഇന്നലെ നടന്ന മത്സരത്തിൽ ഗെറ്റാഫെ ജിറോണയെ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.36 പോയിൻ്റുമായി ഒസാസുന പത്താം സ്ഥാനത്താണ്.
ജയത്തോടെ റയലിൻ്റെ അപരാജിത കുതിപ്പ് 23 മത്സരങ്ങളായി. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ വിനീഷ്യസ് റയലിനെ മുന്നിലെത്തിച്ചു.എന്നാൽ മൂന്ന് മിനിറ്റിന് ശേഷം ഒസാസുനയുടെ ആൻ്റെ ബുഡിമിർ ഒരു ക്ലോസ് റേഞ്ച് ഷോട്ടിൽ നിന്നും സമനില നേടി.18 മിനിറ്റിനുശേഷം ഡാനി കാർവാജൽ മാഡ്രിഡിൻ്റെ ലീഡ് പുനഃസ്ഥാപിച്ചു.61-ാം മിനിറ്റിൽ ബ്രാഹിം ഡയസ് റയലിന്റെ മൂന്നാം ഗോൾ നേടി.മൂന്ന് മിനിറ്റിന് ശേഷം ബോക്‌സിനുള്ളിൽ ടൈറ്റ് ആംഗിളിൽ നിന്ന് ലോ ഫിനിഷിലൂടെ വിനീഷ്യസ് തൻ്റെ രണ്ടാം ഗോളും നേടി.സ്റ്റോപ്പേജ് ടൈമിൽ ഇകർ മുനോസ് ഒസാസുനയുടെ രണ്ടാം ഗോൾ നേടി.മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ മാഡ്രിഡിനായി അഞ്ചാം ഗോൾ നേടാനുള്ള അവസരം അർദ ഗുലറിന് ലഭിച്ചെങ്കിലും മൈതാനത്തിൻ്റെ മധ്യത്തിൽ നിന്ന് തൊടുത്ത ഷോട്ട് ക്രോസ്ബാറിന് മുകളിൽ തട്ടി പുറത്തേക്ക് പോയി.
Last Real Madrid players with 3+ assists in a single LaLiga match:
— Madrid Xtra (@MadridXtra) March 16, 2024
2024 – Fede Valverde 🇺🇾
2022 – Luka Modrić 🇭🇷
2015 – James Rodríguez 🇨🇴
2012 – Mesut Özil 🇩🇪
2011 – Ángel Di María 🇦🇷 pic.twitter.com/7R9X35xbKL
എത്തിഹാദ് സ്റ്റേഡിയത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ 2-0ന് തോൽപ്പിച്ച് തുടർച്ചയായി ആറ് എഫ്എ കപ്പ് സെമിഫൈനലുകളിലെത്തുന്ന ചരിത്രത്തിലെ ആദ്യ ടീമായി മാറിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി .ബെർണാഡോ സിൽവയുടെ ഇരട്ട ഗോളുകളാണ് സിറ്റിക്ക് വിജയമൊരുക്കിയത്.13-ാം മിനിറ്റിൽ സിൽവ സിറ്റിക്ക് ലീഡ് നേടികൊടുത്തു .31-ാം മിനിറ്റിൽ സിൽവ സിറ്റിയുടെ രണ്ടാം ഗോളും സ്കോർ ചെയ്തു.എർലിംഗ് ഹാലൻഡിനും ജെറമി ഡോക്കുവിനും ഗോളുകൾ നേടാനുള്ള നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ സാധിച്ചില്ല.വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ 3-2 ന് ഞെട്ടിക്കുന്ന ജയം നേടിയ കവെൻട്രി സിറ്റിയ്‌ക്കൊപ്പം മാഞ്ചസ്റ്റർ സിറ്റി സെമിയിലേക്ക് മാർച്ച് ചെയ്തു. ഇന്ന് നടക്കുന്ന ശേഷിക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ലെസ്റ്റർ സിറ്റിക്കെതിരെ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും ഏറ്റുമുട്ടും.
ബുന്ദസ്‌ലീഗയിൽ തകർപ്പൻ ജയവുമായി ബയേൺ മ്യൂണിക്. ഡാറംസ്റ്റഡിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബയേൺ തകർത്തത്.ജമാൽ മുസിയാല ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ ഹാരി കെയ്ൻ ഒരു റെക്കോർഡ് സ്വന്തം പേരിലാക്കി. പോയിന്റ് ടേബിളിൽ ബയർ ലേവർകുസനുമായുള്ള ദൂരം കുറയ്ക്കാനും ബയേണിന് കഴിഞ്ഞു. മത്സരത്തിന്റെ 28-ാം മിനിറ്റിൽ ടിം സ്കാർക്ക് ഡാറംസ്റ്റഡിനെ മുന്നിലെത്തിച്ചു.36-ാം മിനിറ്റിൽ ജമാൽ മുസിയാല ബയേണിനായി സമനില ഗോൾ കണ്ടെത്തി. ആദ്യ പകുതിക്ക് പിരിയും മുമ്പെ 46-ാം മിനിറ്റിൽ ഹാരി കെയ്നിന്റെ ഗോളിൽ ബയേൺ മുന്നിലെത്തി.
ബുണ്ടസ്ലീഗയിലെ അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേട്ടമെന്ന റെക്കോർഡ് ഹാരി കെയ്ൻ സ്വന്തമാക്കി. സീസണിൽ താരത്തിന്റെ 31-ാം ഗോളായിരുന്നു ഇത്.64-ാം മിനിറ്റിൽ ജമാൽ മുസിയാലയുടെ ഗോളിലൂടെ ബയേൺ 3-1ന് മുന്നിലെത്തി. 74-ാം മിനിറ്റിൽ സെര്‍ജ് ഗ്നാബ്രിയുടെ ഗോളിൽ ലീഡുയർത്തി.93-ാം മിനിറ്റിൽ മാത്തിസ് ടെൽ കൂടി ഗോൾ നേടിയതോടെ ബയേൺ ആധികാരിക വിജയം ഉറപ്പിച്ചു. എങ്കിലും 95-ാം മിനിറ്റിൽ ഡാറംസ്റ്റഡിനായി ഓസ്കാർ വിൽഹെംസൺ ഒരു ഗോൾ മടക്കി.ഒന്നാം സ്ഥാനത്തുള്ള ബയർ ലേവർകുസന് 25 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുണ്ട്. ബയേണിന്റെ പോയിന്റ് 26 മത്സരങ്ങളിൽ നിന്ന് 60ലെത്തി.