‘ഇന്ത്യ ഓസ്ട്രേലിയ ടി 20 പരമ്പര ഓർമ്മിക്കപ്പെടാൻ കാരണം റിങ്കു സിങ്ങാണ് ‘: ആകാശ് ചോപ്ര |Rinku Singh

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത റിങ്കു സിംഗിനെ പ്രശംസിച്ച് ആകാശ് ചോപ്ര.റായ്പൂരിൽ വെള്ളിയാഴ്ച നടന്ന നാലാം ടി20യിൽ 29 പന്തിൽ 46 റൺസ് നേടിയ റിങ്കു ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 174 റൺസാണ് നേടിയത്, മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയയെ 154-7 എന്ന നിലയിൽ പിടിച്ചുനിർത്തി അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി.ഇന്ത്യയുടെ ബാറ്റിംഗിനെക്കുറിച്ച് ചോപ്ര ചർച്ച ചെയ്യുകയും സാഹചര്യവുമായി പൊരുത്തപ്പെട്ടതിന് റിങ്കുവിനെ അഭിനന്ദിക്കുകയും ചെയ്തു.

“റിങ്കുവാണ് ഈ പരമ്പര ഓർമ്മിക്കപ്പെടാൻ കാരണം. വിവിധ സ്ഥാനങ്ങൾക്കായി അദ്ദേഹത്തിന് വിവിധ റോളുകൾ നൽകപ്പെട്ടു, അവൻ അവ നന്നായി നിർവ്വഹിച്ചു. അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു.ആവശ്യപ്പെടുന്നിടത്ത് അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ കഴിയും.കഴിഞ്ഞ മത്സരത്തിൽ ഒമ്പതാം ഓവറിൽ ബാറ്റ് ചെയ്യാനായിരുന്നു റിങ്കു വന്നത്.അദ്ദേഹം അടിച്ച റിവേഴ്‌സ് സ്വീപ്പ് സിക്‌സ് അസാധാരണ ഹിറ്റായിരുന്നു”ചോപ്ര പറഞ്ഞു.

“ജിതേഷും മികച്ച പ്രകടനം കാഴ്ചവച്ചു. അവനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന മത്സരമായിരുന്നു, കാരണം എന്ത് കൊണ്ട് ടീമിൽ തെരഞ്ഞെടുത്തു എന്നത് തെളിയിക്കേണ്ട അവസരമായിരുന്നു” ജിതേഷ് ശർമ്മയെക്കുറിച്ച് ചോപ്ര പറഞ്ഞു.5.2 ഓവറിൽ റിങ്കു-ജിതേഷ് സഖ്യം അഞ്ചാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു. റിങ്കു 29 പന്തിൽ 46 റൺസ് നേടിയപ്പോൾ വിക്കറ്റ് കീപ്പർ-ബാറ്റർ 19 പന്തിൽ മൂന്ന് സിക്‌സും ഒരു ഫോറും അടക്കം 35 റൺസ് നേടി.

Rate this post