വെടിക്കെട്ട് സെഞ്ചുറിയുമായി രോഹിത് ശർമ, ഫിഫ്റ്റിയുമായി റിങ്കു സിങ് : അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്‍റി 20യില്‍ ഇന്ത്യക്ക് കൂറ്റൻ സ്കോർ |Rohit Sharma

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ടി 20 യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റിന് 212 റൺസ് അടിച്ചെടുത്തു.രോഹിത് ശർമ്മ 69 പന്തില്‍ 121* ഉം, റിങ്കു 39 പന്തില്‍ 69* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. സാംസൺ ഗോൾഡൻ ഡക്കിനു പുറത്തായി.4.3 ഓവറിൽ 22-4ല്‍ നിന്നാണ് ഇന്ത്യ 212 റൺസ് അടിച്ചെടുത്തത്.

മൂന്നാം ഓവറിൽ സ്കോർ 18 ൽ നിൽക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആറു പന്തിൽ നിന്നും 4 റൺസ് നേടിയ ജയ്‌സ്വാളിനെ ഫരീദ് അഹമ്മദ് പുറത്താക്കി. തൊട്ടടുത്ത പന്തിൽ വിരാട് കോലി ഗോൾഡൻ ഡക്കിനു പുറത്തായി. അനാവശ്യ ഷോട്ടിന് ശ്രമിച്ച കോലിയെ നബി പിടിച്ചു പുറത്താക്കി. നാലാം ഓവറിൽ ഒരു റൺസ് നേടിയ ദുബെയെ ഒമാർസായി പുറത്താക്കി.ആദ്യ രണ്ട് മത്സരത്തിലും കളിക്കാൻ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ ഗോൾഡൻ ഡക്കിന് പുറത്തായി.

നേരിട്ട ആദ്യ പന്തിൽ തന്നെ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജുവിനെ ഫരീദ് അഹ്മദിന്റെ പന്തിൽ മൊഹമ്മദ് നബി പിടിച്ചു പുറത്താക്കി.കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണ് സഞ്ജു പാഴാക്കി കളഞ്ഞത്.ട്വന്‍റി 20 ലോകകപ്പിന് മുമ്പുള്ള അവസാന ടി20 മത്സരത്തില്‍ മങ്ങിയതോടെ സഞ്ജുവിന്‍റെ പ്രതീക്ഷകളെല്ലാം ഇല്ലാതായി. അഞ്ചു ഓവറിൽ 22 റൺസ് എടുക്കുന്നതിനിടയിൽ ഇന്ത്യക്ക് നാലു വിക്കറ്റുകൾ നഷ്ടമായി.

അതിനു ശേഷം ക്യാപ്റ്റൻ രോഹിതും റിങ്കു സിങ്ങും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് പതിയെ തിരിച്ചു കൊണ്ട് വന്നു. 13 ആം ഓവറിലെ അവസാന പന്തിൽ റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി അടിച്ച് രോഹിത് ശർമ്മ അർദ്ധ സെഞ്ച്വറി തികച്ചു. 41 പന്തിൽ ഇന്നും 5 ഫോറും മൂന്നു സിക്‌സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ് . 13 .2 ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. രോഹിത് ശർമ്മ കടന്നാക്രമിച്ചതോടെ ഇന്ത്യൻ സ്കോർ 15 ഓവറിൽ 109 ആയി.

റിങ്കുവും രോഹിത് ശർമയും തമ്മിലുള്ള കൂട്ടുകെട്ട് 100 റൺസ് പിന്നിടുകയും ചെയ്തു. 19 ആം ഓവറിൽ തുടർച്ചയായ ബൗണ്ടറികൾ നേടിയ രോഹിത് ശർമ്മ സെഞ്ച്വറി തികച്ചു. 63 പന്തിൽ നിന്നും 10 ഫോറും 6 സിക്‌സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്സ് . ആ ഓവറിൽ സിക്സ് നേടി റിങ്കു സിങ് അർദ്ധ സെഞ്ചുറിയും തികച്ചു. 36 പന്തിൽ നിന്നായിരുന്നു റിങ്കുവിന്റെ ഫിഫ്റ്റി. അവസാന ഓവറുകളിൽ രോഹിത് ശർമയും റിങ്കുവും ആഞ്ഞടിച്ചതോടെ ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റിന് 212 റൺസ് നിലയിലെത്തി.കരീം ജനാത്തിനെ അവസാന ഓവറിൽ 5സിക്സ് അടക്കം 36 റൺസാണ് നേടിയത്.

Rate this post