സഞ്ജു സാംസൺ ഗോൾഡൻ ഡക്ക് , മൂന്നാം ടി 20 യിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച |Sanju Samson

ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന മൂന്നാം ടി 20 യിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. അഞ്ചു ഓവറിൽ 22 റൺസ് എടുക്കുന്നതിനിടയിൽ ഇന്ത്യക്ക് നാലു വിക്കറ്റുകൾ നഷ്ടമായി.ആദ്യ രണ്ട് മത്സരത്തിലും കളിക്കാൻ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ ഗോൾഡൻ ഡക്കിന് പുറത്തായി. നേരിട്ട ആദ്യ പന്തിൽ തന്നെ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജുവിനെ ഫരീദ് അഹ്മദിന്റെ പന്തിൽ മൊഹമ്മദ് നബി പിടിച്ചു പുറത്താക്കി.

കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണ് സഞ്ജു പാഴാക്കി കളഞ്ഞത്.ട്വന്‍റി 20 ലോകകപ്പിന് മുമ്പുള്ള അവസാന ടി20 മത്സരത്തില്‍ മങ്ങിയതോടെ സഞ്ജുവിന്‍റെ പ്രതീക്ഷകളെല്ലാം ഇല്ലാതായി.മൂന്നാം ഓവറിൽ സ്കോർ 18 ൽ നിൽക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആറു പന്തിൽ നിന്നും 4 റൺസ് നേടിയ ജയ്‌സ്വാളിനെ ഫരീദ് അഹമ്മദ് പുറത്താക്കി. തൊട്ടടുത്ത പന്തിൽ വിരാട് കോലി ഗോൾഡൻ ഡക്കിനു പുറത്തായി. അനാവശ്യ ഷോട്ടിന് ശ്രമിച്ച കോലിയെ നബി പിടിച്ചു പുറത്താക്കി. നാലാം ഓവറിൽ ഒരു റൺസ് നേടിയ ദുബെയെ ഒമാർസായി പുറത്താക്കി.അടുത്ത ഓവറിൽ സഞ്ജുവും പുറത്തായതോടെ ഇന്ത്യ വലിയ തകർച്ചയിലായി.

മത്സരത്തില്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് എന്നിവര്‍ക്ക് പകരം സഞ്ജു സാംസണ്‍, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി. ആദ്യ രണ്ട് മത്സരത്തിലും പുറത്തിരുത്തിയ ശേഷമാണ് സഞ്ജുവിന് അവസരമൊരുങ്ങിയിരിക്കുന്നത്.മൊഹാലിയിലും ഇന്‍ഡോറിലുമായി നടന്ന ആദ്യ രണ്ട് ടി20കള്‍ വിജയിച്ച ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട് . ചിന്നസ്വാമിയില്‍ ഇന്ന് ജയിച്ചാൽ പരമ്പരയില്‍ അഫ്‌ഗാനെ വൈറ്റ്‌വാഷ് ചെയ്യാന്‍ ഇന്ത്യയ്‌ക്ക് കഴിയും.

ഇന്ത്യ (പ്ലേയിങ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ (ക്യാപ്റ്റന്‍), വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസൺ (ഡബ്ല്യു), റിങ്കു സിങ്‌, വാഷിങ്‌ടൺ സുന്ദർ, രവി ബിഷ്‌ണോയ്‌, മുകേഷ് കുമാർ, കുൽദീപ് യാദവ്, അവേഷ് ഖാൻ.

Rate this post