അവസാന ഓവറിൽ രോഹിത് ശർമ്മയും റിങ്കു സിങ്ങും കൂടി അടിച്ചെടുത്തത് 36 റൺസ് |Rohit Sharma and Rinku Singh
അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യിലെ ആദ്യ ഇന്നിംഗ്സിന്റെ അവസാന ഓവറിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും റിങ്കു സിങ്ങും 36 റൺസ് ആണ് അടിച്ചുകൂട്ടിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 4 റൺസ് നേടിയ ജയ്സ്വാളിനെ ഫരീദ് അഹമ്മദ് പുറത്താക്കി. തൊട്ടടുത്ത പന്തിൽ വിരാട് കോലി ഗോൾഡൻ ഡക്കിനു പുറത്തായി.
അനാവശ്യ ഷോട്ടിന് ശ്രമിച്ച കോലിയെ നബി പിടിച്ചു പുറത്താക്കി. നാലാം ഓവറിൽ ഒരു റൺസ് നേടിയ ദുബെയെ ഒമാർസായി പുറത്താക്കി.ആദ്യ രണ്ട് മത്സരത്തിലും കളിക്കാൻ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ ഗോൾഡൻ ഡക്കിന് പുറത്തായി. നേരിട്ട ആദ്യ പന്തിൽ തന്നെ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജുവിനെ ഫരീദ് അഹ്മദിന്റെ പന്തിൽ മൊഹമ്മദ് നബി പിടിച്ചു പുറത്താക്കി.22-4 എന്ന നിലയിൽ രോഹിത് ശർമ്മയും റിങ്കു സിംഗും ഒരു നിർണായക കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയും ഇന്ത്യയെ കരകയറ്റുകയും ചെയ്തു. ഇരുവരും പതുക്കെ തുടങ്ങിയെങ്കിലും സ്കോറിംഗ് നിരക്ക് വർദ്ധിപ്പിച്ചതോടെ 19 ഓവറിൽ ഇന്ത്യ 4 വിക്കറ്റിന് 176 എന്ന നിലയിലെത്തി.
20-ാ ഓവറിൽ കരീം ജനത്തിനെ നേരിട്ട ശർമ്മ ആദ്യ പന്ത് ബൗണ്ടറി കടത്തി. അടുത്ത പന്തിൽ സിക്സർ നേടുകയും അത് നോ-ബോൾ ആവുകയും ചെയ്തു. അടുത്ത പന്തിലും രോഹിത് സിക്സർ നേടി, മൂന്നാം പന്ത് സിംഗിളിന് പോയതിന് ശേഷം റിങ്കു സിംഗ് മൂന്ന് സിക്സറുകൾ പറത്തി ഓവർ പൂർത്തിയാക്കി ഇന്ത്യൻ സ്കോർ 212ൽ എത്തിച്ചു. 36 റൺസാണ് ഇരു താരങ്ങളും കൂടി അടിച്ചെടുത്തത്.രോഹിത് ശർമ്മയും റിങ്കു സിംഗും ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ റെക്കോർഡിന് ഒപ്പമെത്തി.ഇംഗ്ലണ്ടിനെതിരെയും ശ്രീലങ്കയ്ക്കെതിരെയും യഥാക്രമം ഒരു ഓവറിൽ ആറ് സിക്സറുകൾ നേടിയ യുവരാജ് സിംഗിന്റെയും കീറോൺ പൊള്ളാർഡിന്റെയും റെക്കോർഡിന് ഒപ്പമെത്തി.അവസാന അഞ്ച് ഓവറിൽ 103 റൺസ് ആണ് ഇരുവരും അടിച്ചു കൂട്ടിയത്.
Rohit Sharma 🤝 Rinku Singh
— BCCI (@BCCI) January 17, 2024
OuR’RR’ 😎 💪#TeamIndia | #INDvAFG | @IDFCFIRSTBank | @ImRo45 | @rinkusingh235 pic.twitter.com/SfKSl07JoE
69 പന്തിൽ 11 ഫോറും എട്ട് സിക്സും സഹിതം 121 റൺസെടുത്താണ് രോഹിത് തന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 39 പന്തിൽ രണ്ട് ഫോറും ആറ് സിക്സും സഹിതം 69 റൺസ് നേടിയ റിങ്കു സിംഗ് നിർണായക പിന്തുണ നൽകി. ഇരുവരും തമ്മിലുള്ള അപരാജിത കൂട്ടുകെട്ട് 95 പന്തിൽ 190 റൺസാണ് നേടിയത്.