‘ഒരു ടീമെന്ന നിലയിൽ ഞങ്ങൾ പരാജയപ്പെട്ടു’ : ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോൽവിയെക്കുറിച്ച് രോഹിത് ശർമ്മ |IND vs ENG

ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ ടീം 100+ ലീഡ് നേടിയ ശേഷം ഹോം ടെസ്റ്റില്‍ തോല്‍വി രുചിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 190 റണ്‍സിന്‍റെ മികച്ച ലീഡ് സ്വന്തമാക്കിയിട്ടും ഇന്ത്യന്‍ ടീം 28 റണ്‍സിന്‍റെ തോല്‍വി ഏറ്റുവാങ്ങി.രാജീവ്ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 231 റണ്‍സ് വിജയലക്ഷവുമായി ബാറ്റിംഗിറങ്ങിയ ഇന്ത്യ നാലാം ദിനം 202 റണ്‍സിന് ഓള്‍ ഔട്ടായി.ടോം ഹാര്‍ട്‌ലി ഇംഗ്ലണ്ടിന് വേണ്ടി ഏഴ് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 190 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട്, രണ്ടാം ഇന്നിംഗ്‌സില്‍ 420 റണ്‍സിന് പുറത്താവുകയായിരുന്നു.230 റണ്‍സ് ലീഡ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ നേടി. 196 റണ്‍സ് നേടിയ ഒല്ലി പോപ്പാണ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയുള്ള ലീഡ് നല്‍കിയത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് നേടി. ആര്‍ അശ്വിന് മൂന്ന് വിക്കറ്റുണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 246ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 436 റണ്‍സാണ് നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.

ഈ തോൽവി ഇന്ത്യൻ ടീമിനെ സംബന്ധിച്ചു വൻ ഷോക്ക് തന്നെയാണ്. പ്രത്യേകിച്ച് ഒന്നാം ഇന്നിങ്സിൽ വൻ ലീഡ് നേടിയ ശേഷം.190 റൺസ് വമ്പൻ ലീഡ് കരസ്ഥമാക്കിയ ഇന്ത്യൻ ടീമിന് ഈ തോൽവി വലിയൊരു പാഠം തന്നെയാണ്. ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ രണ്ടാം ഇന്നിങ്സിൽ പൂർണ്ണമായി പരാജയമായി മാറിയത് തിരിച്ചടിയായി മാറി. ഇന്ന് മത്സര ശേഷം ഇന്ത്യൻ തോൽവിയെ കുറിച്ചു നായകൻ രോഹിത് ശർമ്മ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി.രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ വേണ്ടത്ര “ധീരരായിരുന്നില്ല” എന്ന് ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു.”ഒരു ടീമെന്ന നിലയിൽ മൊത്തത്തിൽ പരാജയപ്പെട്ടു” എന്നും അദ്ദേഹം പറഞ്ഞു.

“എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് ചൂണ്ടിക്കാണിക്കാൻ പ്രയാസമാണ്. 190 റൺസിൻ്റെ ലീഡ് നേടിയപ്പോൾ ഞങ്ങൾ കളിയിൽ ആധിപത്യം പുലർത്തിയെന്ന് കരുതി.പക്ഷേ പോപ്പിന്റെ അസാധാരണമായ ബാറ്റിംഗ് എല്ലാം മാറ്റിമറിച്ചു.ഒരു വിദേശ ബാറ്ററുടെ ഇന്ത്യൻ സാഹചര്യങ്ങളിൽ ഞാൻ കണ്ട ഏറ്റവും മികച്ച ബാറ്റിംഗ് ആയിരുന്നു അത്.ഒല്ലി പോപ്പ് ഒരു മികച്ച ഇന്നിങ്സ് കളിച്ചു.തീർച്ചയായും 230 നേടാനാകുമെന്ന് ഞാൻ കരുതി, പിച്ചിൽ കാര്യമായൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ സ്‌കോറിലെത്താൻ ഞങ്ങൾ നന്നായി ബാറ്റ് ചെയ്തില്ല” രോഹിത് പറഞ്ഞു.100 റൺസിന് മുകളിൽ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ശേഷം ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിൽ തോൽക്കുന്നത് മൊത്തത്തിൽ ഇത് മൂന്നാം തവണയാണ് – ഹോം ഗ്രൗണ്ടിൽ ആദ്യമായാണ്.

“മൊത്തത്തിൽ, ഒരു ടീം എന്ന നിലയിൽ ഞങ്ങൾ പരാജയപ്പെട്ടു. ഞങ്ങൾ നന്നായി ബാറ്റ് ചെയ്തില്ല.സിറാജും ബുംറയും കളി അഞ്ചാം ദിവസത്തിലേക്ക് കൊണ്ടുപോകണമെന്ന് ഞാൻ ആഗ്രഹിച്ചു. ലോവർ ഓർഡർ അവിടെ നന്നായി പൊരുതി. ധൈര്യമുള്ളവരായിരിക്കണം ,പക്ഷെ ഞങ്ങൾ അങ്ങനയായിരുന്നില്ല. ഇത് പരമ്പരയിലെ ആദ്യ ഗെയിമാണ്. കളിക്കാർ അതിൽ നിന്ന് പഠിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” രോഹിത് പറഞ്ഞു.

1/5 - (1 vote)