എംഎസ് ധോണി സ്ഥാനമൊഴിഞ്ഞു, ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റനായി റുതുരാജ് ഗെയ്‌ക്‌വാദ് | IPL 2024

ഐപിഎൽ 2024 ന് മുന്നോടിയായി യുവ ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദിന് ക്യാപ്റ്റൻ സ്ഥാനം കൈമാറി എംഎസ് ധോണി ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ നായക സ്ഥാനം ഒഴിഞ്ഞു. ” ടാറ്റ ഐപിഎൽ 2024 ആരംഭിക്കുന്നതിന് മുന്നോടിയായി എംഎസ് ധോണി ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ ക്യാപ്റ്റൻസി റുതുരാജ് ഗെയ്‌ക്‌വാദിന് കൈമാറി. 2019 മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ അവിഭാജ്യ ഘടകമാണ് റുതുരാജ്, ഈ കാലയളവിൽ ഐപിഎല്ലിൽ 52 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. വരാനിരിക്കുന്ന സീസണിൽ ടീം പ്രതീക്ഷയോടെയാണ് കാണുന്നത്” ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് സിഎസ്‌കെ പ്രസ്താവന ഇറക്കി.

ഐപിഎല്ലിന്റെ തുടക്കം മുതല്‍ സിഎസ്‌കെയുടെ ക്യാപ്റ്റന്‍ ആയിരുന്നു ധോനി. ധോനിയുടെ കീഴില്‍ അഞ്ച് തവണ ചെന്നൈ കീരീടം നേടിയിരുന്നു. കഴിഞ്ഞ സീസണിലും ചെന്നൈയായിരുന്നു ജേതാക്കള്‍. 2022ല്‍ സീസണിന്റെ തുടക്കത്തില്‍ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയിരുന്നെങ്കിലും പിന്നീട് ധോനിയെ തന്നെ ക്യാപ്റ്റനാക്കി.ജൂലൈയിൽ മഹേന്ദ്ര സിം​ഗ് ധോണിക്ക് 43 വയസ് പൂർത്തിയാകും. അടുത്ത സീസണിലെ ഐപിഎല്ലിന് ധോണി ഉണ്ടാവില്ലെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. എന്നാൽ ധോണിയുടെ പിൻ​ഗാമി ആരാകുമെന്ന് സൂചനകൾ ഉണ്ടായിരുന്നില്ല. ഈ സീസണിൽ പുതിയ റോളിലേക്ക് മാറുമെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ധോണി പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി നായക സ്ഥാനത്ത് നിന്നുള്ള ധോണിയുടെ പിന്മാറ്റം.2019-ൽ സിഎസ്‌കെയിൽ എത്തിയ ഗെയ്ക്‌വാദ് 2020ലാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ മൂന്ന് മാൻ ഓഫ് ദ മാച്ച് അവാർഡുകൾ നേടി. 2021ൽ ചെന്നൈ നാലാം കിരീടം നേടിയപ്പോൾ ഓറഞ്ച് ക്യാപ്പിന് ഉടമയായതും ഗെയ്‌ക്‌വാദായിരുന്നു. ഇതിനുശേഷം ചെന്നെ ടീമിലെ സ്ഥിരഅംഗമായി മാറി.

250 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള ധോണി 38.79 ശരാശരിയിൽ 5,082 റൺസും 24 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. മാർച്ച് 22 ന് ചെപ്പോക്കിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തോടെ ആരംഭിക്കുന്ന ഐപിഎൽ 2024 ലെ തങ്ങളുടെ കിരീടം നിലനിർത്താൻ സിഎസ്‌കെ തയ്യാറെടുക്കുമ്പോൾ എല്ലാ കണ്ണുകളും പുതിയ നായകൻ ഗെയ്‌ക്‌വാദിലായിരിക്കും.

Rate this post