‘എംഎസ് ധോണി പോലും തെറ്റുകൾ വരുത്തി എന്നാൽ രോഹിത് ശർമ്മയിൽ നിന്നും അത് ഉണ്ടായിട്ടില്ല’ : രണ്ടു ക്യാപ്റ്റന്മാരെയും താരതമ്യപ്പെടുത്തി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ | IPL 2024

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ മുംബൈ ഇന്ത്യൻസിൻ്റെ രോഹിത് ശർമ്മയുടെ നേതൃഗുണങ്ങളെ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ എംഎസ് ധോണിയുടെ നേതൃഗുണങ്ങളുമായി താരതമ്യം ചെയ്തു.ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണി പല മണ്ടത്തരവും വരുത്തിയിട്ടുണ്ട്, എന്നാല്‍ രോഹിത് ശര്‍മയുടെ പക്കല്‍ നിന്നും അങ്ങനെ ഒരു തെറ്റ് സംഭവിച്ചിട്ടില്ലെന്നും പട്ടേൽ പറഞ്ഞു.

ഒരു റണ്‍സിന് വിജയിച്ച് മുംബൈ ഇന്ത്യന്‍സ് നേടിയ രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ ഇതിന്‍റെ ഉദാഹരണങ്ങളാണ്. ഗ്രൗണ്ടിൽ സമചിത്തതയോടെ നിലയുറപ്പിക്കാന്‍ കളിയുന്ന ഒരു ക്യാപ്റ്റനില്ലായിരുന്നുവെങ്കില്‍ മുംബൈക്ക് അതൊരിക്കലും സാധ്യമാവുകയില്ലായിരുന്നുവെന്നും പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.”ഏറ്റവും മികച്ച ഉദാഹരണം രണ്ട് ഐപിഎൽ മത്സരങ്ങൾ വെറും ഒരു റണ്ണിന് എംഐ നേടിയതാണ്. ഗ്രൗണ്ടിൽ ശാന്തനായി നിൽക്കാൻ കഴിയുന്ന ഒരു ക്യാപ്റ്റൻ നിങ്ങൾക്കില്ലെങ്കിൽ അത് സാധ്യമാകുമായിരുന്നില്ല.പിരിമുറുക്കമുള്ള ഒരു മത്സരമുണ്ടാകുമ്പോൾ, ചിലപ്പോൾ തെറ്റായ തീരുമാനങ്ങളോ പിഴവുകളോ ഉണ്ടാകാറുണ്ട്. എന്നാൽ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയുടെ സവിശേഷത, കഴിഞ്ഞ 10 വർഷത്തിനിടയിൽ, അവൻ ഒരു തെറ്റ് ചെയ്തതായി നിങ്ങൾ ഓർക്കുന്നില്ല എന്നതാണ്” പട്ടേൽ പറഞ്ഞു.

“ധോനി പോലും പവൻ നേഗിക്ക് ഓവർ നൽകുന്നത് പോലെയുള്ള പിഴവുകൾ വരുത്തിയിട്ടുണ്ട്, എന്നാൽ നിങ്ങൾ രോഹിതിനെ കണ്ടാൽ നിങ്ങൾ ഒരിക്കലും ഒരു തെറ്റ് കാണില്ല. പ്രക്രിയ ലളിതമാക്കുക എന്നത് ധോണി ഉപദേശിക്കുന്ന കാര്യമാണ്, എന്നാല്‍ രോഹിത് മത്സരങ്ങളില്‍ അത് നടപ്പിലാക്കുന്നതാണ് കാണാന്‍ കഴിയുക” പട്ടേൽ കൂട്ടിച്ചേർത്തു. 2015ൽ മുംബൈയ്ക്കെതിരായ മത്സരത്തിൽ 19-ാം ഓവർ ധോണി പവൻ നെ​ഗിക്ക് നൽകി. ഹാർദിക്ക് പാണ്ഡ്യയും അമ്പാട്ടി റായിഡുവും ഈ ഓവറിൽ 25 റൺസ് അടിച്ചെടുത്തു. ചെന്നൈ മത്സരം പരാജയപ്പെട്ടത് ഈ തെറ്റായ തീരുമാനത്തിലാണെന്ന് പാർഥിവ് പറഞ്ഞു.

ഐപിഎല്ലിന്‍റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളത്തിലെത്താനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മ. ക്യാപ്റ്റനല്ലാതെയാണ് 36-കാരന്‍ കളിക്കുക. പുതിയ സീസണിന് മുന്നോടിയായി രോഹിത്തിനെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയ്‌ക്കാണ് ചുമതല നൽകിയത്. കഴിഞ്ഞ തവണത്തെ കിരീട നേട്ടം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്‌സ്.

Rate this post