കണക്കുകൾ നുണ പറയില്ല,വിരാട് കോഹ്ലി, രോഹിത് ശർമ്മ തുടങ്ങിയവരെക്കാളും ബഹുദൂരം മുന്നിലാണ് സഞ്ജു സാംസന്റെ സ്ഥാനം |Sanju Samson

ഓഗസ്റ്റ് മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി വിക്കറ്റ് കീപ്പർ സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നാലെ, ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ ഉള്ള അവസരം സഞ്ജുവിൽ നിന്ന് അകന്നു പോയിരിക്കുകയാണ്. ഇനി, അസാധാരണമായ സംഭവവികാസങ്ങൾക്ക് മാത്രമേ സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താൻ സാധിക്കൂ.

2021 ജൂലൈയിലാണ് സഞ്ജു സാംസൺ ടീം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം നടന്ന ഏകദിന മത്സരങ്ങളിലെ ഇന്ത്യൻ താരങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ, സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ്മ തുടങ്ങിയവരെക്കാളും ഒക്കെ ബഹുദൂരം മുന്നിലാണ് സഞ്ജു സാംസന്റെ സ്ഥാനം. സ്ഥിരത പുലർത്തുന്നില്ല, ലഭിച്ച അവസരങ്ങൾ മുതലെടുത്തില്ല തുടങ്ങിയ വിമർശനങ്ങൾ വിമർശകർ സഞ്ജുവിന് നേരെ ഉയർത്തുന്നുണ്ടെങ്കിലും, ഈ കണക്കുകൾ പറയുന്നത് മറ്റൊരു വസ്തുതയാണ്.

2021 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ആകെ രണ്ട് ഇന്ത്യൻ ബാറ്റർമാർക്ക് മാത്രമേ 50-ന് മുകളിൽ ശരാശരി നിലനിർത്താൻ സാധിച്ചിട്ടുള്ളൂ. ഓപ്പണർ ശുഭ്മാൻ ഗിൽ (69.4), സഞ്ജു സാംസൺ (55.7) എന്നിവരെ ഒഴിച്ചുനിർത്തിയാൽ മറ്റൊരു ഇന്ത്യൻ താരത്തിനും ഏകദിന ഫോർമാറ്റിൽ, കഴിഞ്ഞ രണ്ട് വർഷത്തെ മത്സരങ്ങളിൽ 50-ന് മുകളിൽ ശരാശരി നിലനിർത്താൻ സാധിച്ചിട്ടില്ല.

ശ്രേയസ് അയ്യർ (48.5), ഇഷാൻ കിഷൻ (46.3), കെഎൽ രാഹുൽ (43.6) തുടങ്ങിയവർ തുടർന്നുള്ള സ്ഥാനങ്ങളിൽ ഉള്ളപ്പോൾ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിംഗ് ശരാശരി 42.5 ആണ്. ഇന്ത്യയുടെ വെറ്റെറൻ ബാറ്റർ വിരാട് കോഹ്ലിയുടെ ഈ കാലയളവിലെ ബാറ്റിംഗ് ശരാശരി 39.0 ആണ്. ഇന്ത്യയുടെ മധ്യനിരയിലെ സ്ഥിര സാന്നിധ്യമായ സൂര്യകുമാർ യാദവിന്റെ ഈ കാലയളവിലെ ബാറ്റിംഗ് ശരാശരി 24.3 മാത്രമാണ്. ഈ കണക്കുകളാണ് സാധ്യത വർദ്ധിപ്പിക്കുന്നത്.

Rate this post