‘ക്രിക്കറ്റും ജീവിതവും നമ്മെ പഠിപ്പിച്ചത് നല്ലതും ചീത്തയുമായ ചില ഘട്ടങ്ങൾ ഉണ്ടാകും എന്നതാണ്’ : സഞ്ജു സാംസൺ | Sanju Samson | IPL2024

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രണ്ടാം ക്വാളിഫയറിന് യോ​ഗ്യത നേടി രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരെ നാല് വിക്കറ്റിന്റെ വിജയമാണ് റോയൽസ് നേടിയത്.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിശ്ചിത ഓവറില്‍ നേടിയത് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സ് ആയിരുന്നു.

മറുപടി ബാറ്റിം​ഗിൽ 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ ലക്ഷ്യത്തിലെത്തി. മത്സര ശേഷം സംസാരിച്ച റോയൽസ് നായകൻ സഞ്ജു സാംസൺ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ടീം അവസരത്തിനൊത്ത് ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ക്രിക്കറ്റും ജീവിതവും നമ്മെ പഠിപ്പിച്ചത് നമുക്ക് നല്ലതും ചീത്തയുമായ ചില ഘട്ടങ്ങൾ ഉണ്ടാകും എന്നതാണ്. പക്ഷേ തിരിച്ചുവരാനുള്ള വ്യക്തിത്വം ഉണ്ടാവണം.ഇന്ന് ഞങ്ങൾ ഫീൽഡ് ചെയ്ത രീതി, ബാറ്റ് ചെയ്ത രീതി, ബൗൾ ചെയ്ത രീതി എന്നിവയിൽ ശരിക്കും സന്തോഷമുണ്ട്.ബൗളർമാർക്ക് ക്രെഡിറ്റ്, കൂടെ സംഗയ്ക്കും ബൗളിംഗ് കോച്ച് ഷെയ്ൻ ബോണ്ടിനും. അവർ ഹോട്ടൽ മുറികളിൽ ഒരുപാട് സമയം ഈ കാര്യങ്ങൾ ചർച്ച ചെയ്തു. അവരാണ് എതിരാളികളെ പഠിക്കുന്നതും ബാറ്റർമാർക്കെതിരേ ഫീൽഡ് സെറ്റ് ചെയ്യുന്നതും” സഞ്ജു സാംസൺ പറഞ്ഞു.

നാല് ഓവറിൽ നിന്ന് 2/19 എന്ന മികച്ച പ്രകടനത്തിന് അശ്വിൻ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് സീസണുകളിൽ രണ്ടാം തവണയും ഫൈനലിലെത്തുകയെന്ന ലക്ഷ്യത്തോടെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ ഇറങ്ങും.

Rate this post