❝അന്ന് വിക്കറ്റ് നഷ്ടമാകാൻ കാരണം റിഷാബ് പന്ത് , വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ❞| Sanju Samson

ബുധനാഴ്ച്ച (മെയ്‌ 11) നടന്ന ഐപിഎൽ 2022-ലെ 58-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഡൽഹി ക്യാപിറ്റൽസ്‌ 8 വിക്കറ്റിന് പരാജയപ്പെടുത്തി. ഇതോടെ, പ്ലേഓഫ് സാധ്യതകൾ നിലനിർത്തിയ ഡൽഹി ക്യാപിറ്റൽസ്‌ 12 കളികളിൽ നിന്ന് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം, പരാജയം നേരിട്ടെങ്കിലും 12 കളികളിൽ 14 പോയിന്റുള്ള രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

എന്നാൽ, റോയൽസ്‌ നായകൻ സഞ്ജു സാംസൺ രണ്ട് വർഷം (2016-17) ഡൽഹി ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിക്ക് വേണ്ടി (ഡൽഹി ഡെയർഡെവിൾസ്) കളിച്ചതിനാൽ അവരുമായി ഒരു പ്രത്യേക ബന്ധം പങ്കിടുന്നു. നിലവിലെ ഡിസി ക്യാപ്റ്റൻ റിഷഭ് പന്തുമായി സഞ്ജു സാംസൺ നിരവധി കൂട്ടുക്കെട്ടുകൾ പങ്കിട്ടുണ്ട്. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2017-ലെ ഒരു മത്സരത്തിൽ ഇരുവരും ചേർന്ന നടത്തിയ പ്രകടനം ഇപ്പോഴും ഐപിഎൽ ആരാധകർക്ക് രോമാഞ്ചം പകരുന്നതാണ്.

ഗുജറാത്ത്‌ ലയൺസിനെതിരെ നടന്ന മത്സരത്തിൽ, 31 പന്തിൽ 61 റൺസെടുത്ത സഞ്ജുവും 43 പന്തിൽ 97 റൺസെടുത്ത റിഷഭ് പന്തും ചേർന്ന് 143 റൺസിന്റെ അവിശ്വസനീയമായ കൂട്ടുകെട്ട് സൃഷ്ടിച്ച് 209 എന്ന കൂറ്റൻ സ്‌കോർ പിന്തുടരുകയായിരുന്നു. എന്നാൽ, വർഷങ്ങൾക്ക് ശേഷം ആ മത്സരത്തിൽ റിഷഭ് പന്തിന്റെ ഉപദേശം കേട്ടത് എങ്ങനെയാണ് തന്റെ പുറത്താക്കലിലേക്ക് നയിച്ചതെന്ന് സഞ്ജു സാംസൺ വെളിപ്പെടുത്തുകയുണ്ടായി.

“ഞാൻ ക്രീസിൽ തുടരണമെന്ന് ഋഷഭ് ആഗ്രഹിച്ചു. ഞാൻ നേരിട്ട രണ്ട് പന്തും രണ്ട് സിക്സ്‌ അടിച്ച്, അടുത്ത ബോളിൽ സിംഗിൾ എടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, അന്നേരം റിഷഭ് എന്നോട് പറഞ്ഞു, ‘സിംഗിൾ വേണ്ട, നിങ്ങൾ അടുത്ത ബോളിൽ മറ്റൊരു സിക്സ് കൂടി നേടാൻ ശ്രമിക്കു’. ഞാൻ അത് റിഷഭിന്റെ വാക്ക് കേട്ട് അടുത്ത ബോളും സിക്സ് അടിക്കാൻ ശ്രമിച്ചു, എന്നാൽ ആ പന്തിൽ ഞാൻ പുറത്തായി,” സാംസൺ 2020-ൽ ESPNCricinfo-യോട് പറഞ്ഞു.