” സംഹാരതാണ്ഡവമാടി രാജസ്ഥാൻ നായകൻ ; 5 സിക്സുകൾ പറത്തി സഞ്ജു സാംസൺ” | IPL 2022

മഹാരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022 സീസണിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർത്തടിച്ച് രാജസ്ഥാൻ റോയൽസ്. നായകൻ സഞ്ജു സാംസന്റെ നേതൃത്വത്തിൽ പുതിയ സംഘവുമായി മൈതാനത്തിറങ്ങിയ രാജസ്ഥാൻ, സഞ്ജുവിന്റെ നേതൃത്വത്തിൽ തന്നെയാണ് ബാറ്റിംഗ് വെടിക്കെട്ടും കാഴ്ചവെച്ചത് .

മത്സരത്തിൽ, ടോസ് ലഭിച്ച ഹൈദരാബാദ് ക്യാപ്റ്റൻ വില്യംസൺ ബൗളിംഗ് തിരഞ്ഞെടുത്തിരുന്നു. പിന്നാലെ, ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി ഓപ്പണർമാരായ ജോസ്‌ ബറ്റ്ലർ (35), യശാവി ജെയ്സ്‌വാൽ (20) എന്നിവർ മികച്ച തുടക്കം നൽകി. തുടർന്ന്, മൂന്നാമനായിയാണ്‌ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയായ ക്യാപ്റ്റൻ സഞ്ജു സാംസൺ ക്രീസിലെത്തിയത്.

തുടക്കം മുതൽ തകർത്തടിച്ച സഞ്ജു, 27 പന്തിൽ 3 ഫോറും 5 സിക്സും ഉൾപ്പടെ 55 റൺസ് നേടി. 203.70 സ്ട്രൈക്ക് റേറ്റോടെയാണ്‌ സഞ്ജു സാംസൺ അർദ്ധസെഞ്ച്വറി തികച്ചത്. 16-ാം ഓവറിൽ വാഷിംഗ്‌ടൺ സുന്ദറിനെ തുടർച്ചയായി രണ്ട് തവണ സിക്സ് പറത്തിയ സഞ്ജു, ഇന്നിംഗ്സസിൽ 3 തവണയാണ് തമിഴ്നാട് സ്പിന്നറെ ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തിയത്.

ഒടുവിൽ, 17-ാം ഓവർ എറിയാനെത്തിയ ഭൂവനേശ്വർ കുമാറിന്റെ ആദ്യ പന്ത്, ഉയർത്തിയടിക്കാൻ ശ്രമിച്ച സഞ്ജു, ലോങ്ങ്‌ ഓണിൽ ഫീൽഡ് ചെയ്തിരുന്ന അബ്ദുൽ സമദിന്റെ കൈകളിൽ അകപ്പെടുകയായിരുന്നു. മത്സരം അവസാനിക്കുമ്പോൾ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് ആണ് എടുത്തത്. സഞ്ജു പുറത്തായതിന് ശേഷം അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഷിമ്രോൺ ഹെറ്റ്മെയർ ആണ് രാജസ്ഥാൻ സ്കോർ 200 കടത്തിയത്. വിൻഡീസ് താരം 13 പന്തിൽ നിന്നും 32 റൺസ് എടുത്തു.