‘ടി20യിൽ ഒരു പൊസിഷനിലും സഞ്ജു സാംസന്റെ പ്രകടനം മികച്ചതായി കാണുന്നില്ല’ :ആകാശ് ചോപ്ര

ടി20 ക്രിക്കറ്റിൽ സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.വ്യത്യസ്ത ബാറ്റിംഗ് പൊസിഷനുകളിലെ സഞ്ജു സാംസണിന്റെ മോശം പ്രകടനമാണ് ടീമിലെ അദ്ദേഹത്തിന്റെ അനുയോജ്യമായ റോളിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലേക്ക് നയിച്ചതെന്ന് ആകാശ് ചോപ്ര എടുത്തുപറഞ്ഞു.

ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടി20യിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് നാല് റൺസിന്റെ നേരിയ തോൽവി ഏറ്റുവാങ്ങിയിരുന്നു.150 റൺസ് പിന്തുടരുന്നതിനിടെ വഴിത്തിരിവായത് സാംസണിന്റെ പുറത്താകലാണ്. ബാറ്റിംഗ് നിരയിൽ നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥാനമാണ് നമ്പർ 5 എന്ന് ആകാശ് ചോപ്ര പ്രസ്താവിച്ചു.

“ഇവിടെ കളിച്ചില്ലെങ്കിൽ അവനെ എവിടെ കളിപ്പിക്കും? ഹാർദിക്കിനെ ആറാം നമ്പറിൽ ഇറക്കാൻ വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഹാർദിക് പാണ്ഡ്യ തീർച്ചയായും അഞ്ചാം നമ്പറിൽ വരണമെന്ന് എനിക്ക് തോന്നുന്നു. അതിനാൽ നമ്പർ 5 അദ്ദേഹത്തിന് അനുയോജ്യമാണ്,” ചോപ്ര പറഞ്ഞു. “ടി20യിലെ ഒരു സ്ഥാനത്തും സഞ്ജുവിന്റെ പ്രകടനം മികച്ചതായി തോന്നുന്നില്ല. പരിമിതമായ അവസരങ്ങൾ ആണ് സഞ്ജുവിന് ലഭിച്ചത്. അർഹിക്കുന്ന അവസരം ലഭിച്ചതുമില്ല “അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഹ്രസ്വ ഫോർമാറ്റിൽ വ്യത്യസ്ത സ്ഥാനങ്ങളിൽ സഞ്ജു സാംസണിന്റെ പ്രകടനത്തെ മുൻ ഇന്ത്യൻ ഓപ്പണർ എടുത്തുകാണിച്ചു.“26, 16, 14, 12, 19 എന്ന് സ്കോറുകളാണ് സഞ്ജു നേടിയത്.ഇത് പര്യാപ്തമല്ല.സഞ്ജു എവിടെ ബാറ്റ് ചെയ്യണം – അവന്റെ യോജിച്ച നമ്പർ എന്താണ് എന്നതിനെ കുറിച്ച് ഇത് വേണ്ടത്ര ധാരണ നൽകുന്നില്ല. ഈ സ്‌കോറുകൾ കണ്ട് നാലാം നമ്പറിൽ കളിക്കണം എന്ന വാദം ഉയർത്താനാവില്ല “ചോപ്ര പറഞ്ഞു.

കേരള വിക്കറ്റ് കീപ്പർ-ബാറ്റർ 17 ടി20 കളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 19.56 ശരാശരിയിലും 132.07 സ്‌ട്രൈക്ക് റേറ്റിലും 313 റൺസ് നേടി. വലംകൈയ്യൻ ബാറ്റർ നാലാം സ്ഥാനത്ത് 8 ഇന്നിംഗ്‌സുകളിൽ 14.25 ശരാശരിയിൽ 114 റൺസ് നേടിയിട്ടുണ്ട്.

Rate this post