വിജയവഴിയിൽ തിരിച്ചെത്താൻ സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങുന്നു ,എതിരാളികൾ പഞ്ചാബ് | IPL2024
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 17-ാം സീസണിലെ 27-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും.പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മൊഹാലിയില്‍ വൈകിട്ട് 7.30നാണ് മത്സരം.തോൽവിയുടെ പശ്ചാത്തലത്തിലാണ് ഇരു ടീമുകളും ഈ മത്സരത്തിനിറങ്ങുന്നത്.കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഏറ്റുവാങ്ങേണ്ടിവന്ന പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും സഞ്ജു എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങുക.
ഐപിഎല്ലില്‍ നാല് മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ സീസണിലെ ആദ്യ പരാജയമാണ് ടൈറ്റന്‍സിനെതിരെ വഴങ്ങിയത്.പഞ്ചാബ് സൺറൈസേഴ്‌സ് ഹൈദരാബാദിനോട് രണ്ട് റൺസിന് പരാജയപ്പെട്ടപ്പോൾ, രാജസ്ഥാനും ഗുജറാത്ത് ടൈറ്റൻസിനോട് മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടു.രാജസ്ഥാൻ്റെ ബാറ്റർമാരും ബൗളർമാരും ഇതുവരെ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.റിയാൻ പരാഗും (261 റൺസ്), സഞ്ജു സാംസണും (246 റൺസ്) സീസണിലെ ആദ്യ അഞ്ച് റൺസ് നേടിയവരിൽ ഉൾപ്പെടുന്നു, യുസ്വേന്ദ്ര ചാഹൽ (10 വിക്കറ്റ്) പർപ്പിൾ ക്യാപ്പ് നേടിയ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
ഐപിഎല്ലില്‍ മികച്ച തുടക്കമാണ് ഈ സീസണില്‍ സഞ്ജു സാംസണ്‍ നേടിയിരിക്കുന്നത്. അഞ്ച് മത്സരങ്ങളില്‍ 82.00 ശരാശരിയിലും 157.69 പ്രഹരശേഷിയിലും 246 റണ്‍സ് സഞ്ജു നേടിക്കഴിഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റിന്‍സിനെതിരെ തകര്‍പ്പന്‍ ഫിഫ്റ്റി നേടിയ സഞ്ജു സാംസണ്‍ ഫോമിലാണ്. പഞ്ചാബ് കിംഗ്‌സിനെതിരെ മുമ്പ് ഇറങ്ങിയ അഞ്ച് ഇന്നിംഗ്‌സുകളില്‍ 38 ശരാശരിയിലും 175.90 സ്ട്രൈക്ക് റേറ്റിലും 190 റണ്‍സ് താരം നേടി. ടൈറ്റന്‍സിനെതിരായ മത്സരത്തിലെ ചില ബൗളിങ് പിഴവുകള്‍ മാത്രമാണ് രാജസ്ഥാന് തിരിച്ചടിയായത്. ഇതും പരിഹരിക്കാനായാല്‍ സഞ്ജുവിനെ തടയുകയെന്നത് പഞ്ചാബിന് വളരെ കഠിനമായേക്കും.
ഫോമിലല്ലെങ്കിലും യശസ്വി ജയ്സ്വാള്‍ തന്നെ ജോസ് ബട്‌ലറുടെ ഓപ്പണിംഗ് പങ്കാളിയായി എത്തും. വണ്‍ഡൗണായി ക്യാപ്റ്റന്‍ സഞ്ജു സാംസണും നാലാം നമ്പറില്‍ റിയാന്‍ പരാഗും അഞ്ചാമനായി ഷിമ്രോന്‍ ഹെറ്റ്‌മെയറും എത്തും. ട്രെന്‍ഡ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, രവിചന്ദ്ര അശ്വിന്‍, ആവേഷ് ഖാന്‍,ചഹാൽ എന്നിവർ ബൗളിംഗ് നിരയിൽ അണിനിരക്കും.പതിവുപോലെ മൂന്ന് വിദേശ താരങ്ങളെ ഇറക്കുന്ന തന്ത്രം തന്നെയാവും സഞ്ജു സാംസണ്‍ ഇന്നും സ്വീകരിക്കാന്‍ സാധ്യത.ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ 26 തവണ പഞ്ചാബും രാജസ്ഥാനും പരസ്പരം കൊമ്പുകോർത്തിട്ടുണ്ട്. 26 മത്സരങ്ങളിൽ 15 എണ്ണത്തിലും രാജസ്ഥാൻ വിജയം സ്വന്തമാക്കി.11 കളികളിൽ മാത്രമാണ് പഞ്ചാബിന് ജയിക്കാനായത്.